ടോക്കിയോ:കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒളിമ്പിക്സ് നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ജപ്പാനിലെ ജനങ്ങൾ രംഗത്ത്. ഒളിമ്പിക്സിന്റെ പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്ന നാഷണൽ സ്റ്രേഡിയത്തിന് പുറത്തുൾപ്പെടെ വിവിധയിടങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. കൊവിഡ് വ്യൂപിക്കുമ്പോൾ ഒളിമ്പിക്സ് നടത്തുന്നത് പാവപ്പെട്ട ജനങ്ങളെ മരണത്തിന് എറിഞ്ഞ് കൊടുക്കുന്ന നടപടിയാണെന്ന് സമരക്കാർ ആരോപിച്ചു. വിദേശകാണികളെ പൂർണമായും വിലക്കിയിട്ടുണ്ടെങ്കിലും ഒളിമ്പിക്സിൽ പങ്കെടുക്കാനായി താരങ്ങളും സപ്പോർട്ടിംഗ് സ്‌റ്റാഫുകളും ഉൾപ്പെടെ പതിനായിരത്തിൽ അധികം ആളുകൾ ജപ്പാനിലെത്തുമെന്നും ഇത് അപകടമാണെന്നും ജപ്പാൻ ജനത പറയുന്നു.
ഒളിമ്പിക് തലവൻ യാത്രമാറ്റി
കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക്ക് ജപ്പാൻ സന്ദർശനം ഉപേക്ഷിച്ചു. ഇന്നലെ അദ്ദേഹം ജപ്പാനിൽ എത്തേണ്ടതായിരുന്നു.