കൊച്ചി: കൊവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ സാമ്പത്തികവർഷം (2020-21) ഇന്ത്യയിൽ വാഹനങ്ങളുടെ റീട്ടെയിൽ വില്പന 29.85 ശതമാനം ഇടിഞ്ഞെന്ന് വാഹന ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) റിപ്പോർട്ട്. 1.52 കോടി വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് കഴിഞ്ഞവർഷം നടന്നതെന്ന് രാജ്യത്തെ ആർ.ടി.ഒ ഓഫീസുകളിൽ നിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കി ഫാഡ വ്യക്തമാക്കി. 2019-20ൽ റീട്ടെയിൽ വില്പന 2.17 കോടി വാഹനങ്ങളായിരുന്നു.
ട്രാക്‌ടറുകൾ ഒഴികെയുള്ള വാഹന ശ്രേണികളെല്ലാം കഴിഞ്ഞവർഷം നഷ്‌ടം രുചിച്ചു. ടൂവീലർ - 31.51 ശതമാനം, ട്രീവീലർ - 64.12 ശതമാനം, വാണിജ്യ വാഹനങ്ങൾ 49.05 ശതമാനം, പാസഞ്ചർ വാഹനങ്ങൾ (കാർ, എസ്.യു.വി) - 13.96 ശതമാനം എന്നിങ്ങനെയായിരുന്നു നഷ്‌ടം. കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും മോശം കണക്കാണിത്. ട്രാക്‌ടറുകൾ 16.11 ശതമാനം വളർച്ച നേടി. കഴിഞ്ഞമാസം മൊത്തം റീട്ടെയിൽ വാഹന വില്പന നഷ്‌ടം മാർച്ചിനെ അപേക്ഷിച്ച് 28.15 ശതമാനമാണ്. 16.49 ലക്ഷം യൂണിറ്റുകളിൽ നിന്ന് 11.85 ലക്ഷം യൂണിറ്റുകളിലേക്കാണ് വില്പന താഴ്‌ന്നത്. 2020 ഏപ്രിലിൽ ദേശീയ ലോക്ക്‌ഡൗൺ മൂലം ഒറ്റ പുതിയ വണ്ടിപോലും രാജ്യത്ത് വിറ്റുപോയിരുന്നില്ല.
25.33 ശതമാനം നഷ്‌ടത്തോടെ 2.08 ലക്ഷം പാസഞ്ചർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞമാസം നടന്നു. 8.65 ലക്ഷം ടൂവീലറുകളും വിറ്റഴിക്കപ്പെട്ടു; ഇടിവ് 27.63 ശതമാനം. 23.65 ശതമാനം കുറിച്ച വാണിജ്യ വാഹനങ്ങളുടെ വില്പന 51,436 യൂണിറ്റുകൾ. കഴിഞ്ഞമാസം ട്രാക്‌ടറുകളുടെ വില്പന 44.58 ശതമാനം നഷ്‌ടവും നേരിട്ടു. 69,082 യൂണിറ്റുകളിൽ നിന്ന് 38,285 യൂണിറ്റുകളിലേക്കാണ് വീഴ്‌ച.