hc

ആലുവ: കൊവിഡ് ചികിത്സയ്‌ക്ക് അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലുവ കൊടികുത്തിമല പരുത്തിക്കൽ നസീറി​ന്റെ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് നടപടി​.

ആശുപത്രിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതായി ആലുവ പൊലീസ് പറഞ്ഞു.

അൻവർ ആശുപത്രിയിൽ അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റിന് തൃശൂർ സ്വദേശിയായ രോഗിയിൽ നിന്ന് 37,352 രൂപ ഈടാക്കിയെന്നായിരുന്നു ഒരു പരാതി. 1,67,381 രൂപയാണ് പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് അൻസൻ എന്ന രോഗിയോട് വാങ്ങിയത്. 23 മണിക്കൂർ ചികിത്സയ്ക്ക് 24,760 രൂപ ഈടാക്കി​യെന്ന് ചിറ്റൂർ വടുതല സ്വദേശി സബീന സാജു പരാതിപ്പെട്ടു. പൊലീസ് കേസി​നെക്കുറി​ച്ച് തങ്ങൾക്ക് അറി​വൊന്നുമി​ല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമിത നിരക്ക് ഈടാക്കിയിട്ടില്ല. ബില്ലുകൾ ആരോഗ്യവകുപ്പി​ന് കൈമാറിയെന്നും ഇവർ വ്യക്തമാക്കി​.

നടത്തിപ്പുകാർക്കെതിരെ ഉടമയും

ഇപ്പോഴത്തെ നടത്തിപ്പുകാരിൽ നിന്ന് അൻവർ ആശുപത്രി തിരിച്ചെടുക്കാൻ ഉടമ ഡോ. ഹൈദരലി നിയമനടപടി ആരംഭിച്ചു. ഹൃദയസംബന്ധമായ രോഗം മൂലം 2017 ജൂലായിൽ 11മാസത്തേക്ക് തോട്ടയ്ക്കാട്ടുകര സ്വദേശിക്ക് തത്കാലികമായി നടത്താൻ കൊടുത്തതാണ് ആശുപത്രി. വാടക കുടിശികയോടൊപ്പം രോഗികളിൽ നിന്ന് പരാതികളുമേറിയതോടെ ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് ഡോ. ഹൈദരലി പറഞ്ഞു.