ഓക്സിജനാണ് ജീവവായു എന്ന
തോന്നലുറക്കും മുമ്പേ...
തലച്ചോറിനുള്ളിൽ കൂടുകൂട്ടിയ പാഠഭാഗങ്ങളാണിത്.
വർണവിസ്മയങ്ങളുടെയും
ഗന്ധജാലങ്ങളുടെയും മതിൽക്കെട്ടിനുള്ളിൽ
നിറവും മണവുമില്ലാത്ത കഴിവുകെട്ട വാതകം.
ഭാഗ്യം! രണ്ട് ആറ്റങ്ങൾ ഉണ്ടായതുകൊണ്ട്
ഹൈഡ്രജനോളം തിരസ്കരിക്കപ്പെട്ടില്ല .
പക്ഷേ,
ഓക്സിജന് നിറമുണ്ടെന്ന്
തിരിച്ചറിഞ്ഞത് ഇന്നാണ്.
ശ്വാസകോശത്തിൽ ജീവവായുവിന്റെ
അവസാനതുള്ളിയും ചോർന്ന്,
പ്രാണൻ പിടഞ്ഞുവെടിയുമ്പോൾ
കണ്ണിൽനിറയുന്ന ഇരുട്ടിന്റെ നിറം കറുപ്പ്.
ഉയർന്ന രക്തസമ്മർദ്ദത്തിൽ ചെറിയധമനികളുടെ
ചിറപൊട്ടിയൊഴുകുന്ന രക്തവർണ്ണം ചുവപ്പ്.
അവസാനം,
മഞ്ഞയുംചുവപ്പും കലർന്ന്,
ഉടലിലേക്കു പടരുന്ന തീനാളങ്ങളുടെ
ആഗ്നേയവർണവും.