വെറുതെ ചിലനേരം
വേലിക്കലെ പൂക്കളെ
നോക്കുന്ന നേരം
വെറുതെ നിന്നെയും
ഓർമ്മ വരും.
നീ പൊഴിച്ചിട്ട
മറവിതൻ വിത്തുകൾ
നിന്നോളം പൂത്തുവിരിഞ്ഞതും
നീ മറന്നിട്ട
ഓർമ്മക്കിനാക്കൾ
നിന്നെയും പാടെമറന്നതും
പാഴ്ജലം മൊത്തിക്കുടിച്ചു
മയങ്ങും വേരാഴചിന്തയിൽ
ഒരു ഹിമബിന്ദുവായ്
നിന്നുള്ളം പിടഞ്ഞതും
ഏകയാം കിളിയൊച്ചയിൽ
പറന്നകലുമൊരു താരാട്ടായ്
ഒരു തേങ്ങൽ
മൂളിക്കൊഴിഞ്ഞതും
നിന്നുടലാഴ നൊമ്പരപ്പൂവുകൾ
ക്ഷണികമാം കാറ്റിൻ
തലോടലിൽ ചിറകറ്റു
നിൻ ഹൃത്തിൽ
വീണുമയങ്ങുന്നതും
വെറുതെ ചിലനേരം
വെറുമൊരു കാഴ്‌ചയായ്
എങ്ങോ മറയുന്നുവല്ലോ.