ന്യൂഡൽഹി: കുംഭമേള രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുംഭമേള ഒരു സൂപ്പർ സ്‌പ്രെഡിന് കാരണമായേക്കാമെന്ന ഭയം ശരിയായി ഭവിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
തീർത്ഥാടകരില്‍ ആദ്യഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവർ പോലും ക്വാറന്റെെനില്‍ പോവുകയോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പലരും രോഗബാധ ഉള്ളപ്പോള്‍ത്തന്നെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചു. കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുവന്നവരില്‍ വെെറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെെനും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിര്‍ദേശിച്ചിരുന്നു.
90 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പങ്കെടുത്തവരില്‍ 2,642 തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ മതനേതാക്കളും സന്യാസിമാരും ഇൾപ്പെടും. കുംഭമേള ഔദ്യോഗികമായി ആരംഭിച്ച് നാലു ദിവസങ്ങൾക്ക് ശേഷം 80 കാരനായ ഹിന്ദു പുരോഹിതന് കൊവിഡ് സ്ഥിരീകരിക്കുകയും അദ്ദേഹത്തോട് ക്വാറന്റെെനിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ട്രെയിനിൽ വാരണാസി നഗരത്തിലേക്ക് യാത്ര ചെയ്തു.
മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുന്‍ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ഷാ, മുന്‍ രാജ്ഞി കോമള്‍ ഷാ എന്നിവർക്ക് കുംഭമേളയിൽ പങ്കെടുത്തതിനു പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ട ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡിന് വെെറസ് ബാധ സ്ഥിരീകരിച്ചത്.