mammootty-and-mohanlal

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ടെന്നിസുമായുള്ള ആത്മബന്ധം എത്ര പറഞ്ഞാലും തീരില്ലെന്നും എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടുമെന്നും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ പറയുന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്റെ കരിയറുകളിലെ ഏറ്റവും മികച്ച ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച തൂലിക ഡെന്നിസ് ജോസഫിന്റേതായിരുന്നു. മമ്മൂട്ടി അഭിനയിച്ച ന്യൂഡൽഹി, മോഹൻലാൽ പ്രധാന കഥാപാത്രമായ രാജാവിന്റെ മകൻ എന്നീ ചിത്രങ്ങളാണ് ഇരുവർക്കും സൂപ്പർതാരപദവി നേടിക്കൊടുത്തത്.

മമ്മൂട്ടിയുടെ കുറിപ്പ്:

'ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു.'

മോഹൻലാലിന്റെ പ്രതികരണം:

'എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്.
വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ...
പ്രണാമം ഡെന്നീസ്.'

content details: mammootty and mohanlal reacts to dennis josephs demise.