തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് മദ്യം അനധികൃതമായെത്തിച്ച് കച്ചവടം നടത്തിവന്ന ആളെ 250 കുപ്പി മദ്യവുമായി വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം പഴയപള്ളിക്ക് സമീപം തുപ്പാശിക്കുടിയിൽ പുരയിടത്തിൽ എഡ്വിനെയാണ് (39) അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടപ്പുറം പുതിയ പള്ളിക്ക് സമീപത്ത് നിന്നാണ് മദ്യവുമായി അറസ്റ്റ് ചെയ്‌തത്. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്. ജി, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, മോഹനൻ, അലോഷ്യസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.