bank

കൊച്ചി: ശാഖയിൽ നേരിട്ടെത്താതെ തന്നെ എസ്.ബി.ഐ ഇടപാടുകാർക്ക് ഇനി അക്കൗണ്ട് ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് എളുപ്പത്തിൽ മാറ്റാം. എസ്.ബി.ഐയുടെ വെബ്സൈറ്റ് ( www.onlinesbi.com), മൊബൈൽ ആപ്പുകളായ എസ്.ബി.ഐ യോനോ, യോനോ ലൈറ്റ് എന്നിവ വഴി ഇനി അക്കൗണ്ട് മറ്റൊരു ശാഖയിലേക്ക് മാറ്റാം. പ്രത്യേക ഫീസില്ലാതെ തന്നെ ഒരാഴ്‌ചയ്ക്കകം ശാഖാമാറ്റം സാദ്ധ്യമാക്കുന്ന സംവിധാനമാണ് എസ്.ബി.ഐ ഒരുക്കിയിട്ടുള്ളത്.

കൊവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ പുതിയ പദ്ധതി. ഉപഭോക്താക്കൾ ബാങ്ക് ശാഖകളിലെത്തുന്നത് പരമാവധി കുറയ്ക്കുകയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് സുഗമമായി ശാഖ മാറാം. ഉപഭോക്താവിന് ബാങ്കിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.

യോനോ ആപ്പ്

1. മൊബൈൽ എസ്.ബി.ഐ യോനോ ആപ്പ് തുറക്കുക

2. സർവീസസ് ഓപ്‌ഷനിൽ 'ട്രാൻസ്‌ഫർ ഒഫ് സേവിംഗ്‌സ് അക്കൗണ്ട്" ലിങ്ക് തിരഞ്ഞെടുക്കണം

3. തുടർന്ന് സേവിംഗ്‌സ് അക്കൗണ്ട്, പുതിയ ബ്രാഞ്ച് കോഡ്, പുതിയ ബ്രാഞ്ചിന്റെ പേര് എന്നിവ തിരഞ്ഞെടുത്ത ശേഷം സബ്മിറ്റ് ബട്ടൺ ക്ളിക്ക് ചെയ്യുക

4. അപ്പോൾ ലഭിക്കുന്ന റിവ്യൂ ഓപ്‌ഷനിൽ വിവരങ്ങൾ കൃത്യമെന്ന് പുനഃപരിശോധിച്ച ശേഷം അന്തിമമായി സബ്‌മിറ്റ് ചെയ്യാം.

വെബ്‌സൈറ്റ്

1. www.onlinesbi.com സന്ദർശിച്ച് പേഴ്‌സണൽ ബാങ്കിംഗ് ലിങ്കിൽ പ്രവേശിക്കണം

2. യൂസർ നെയിം, പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക

3. ഇ-സർവീസസ് ഓപ്‌ഷനിൽ 'ട്രാൻസ്‌ഫർ ഒഫ് സേവിംഗ്‌സ് അക്കൗണ്ട്" ലിങ്ക് തിരഞ്ഞെടുക്കണം

4. തുടർന്ന് സേവിംഗ്‌സ് അക്കൗണ്ട്, പുതിയ ബ്രാഞ്ച് കോഡ്, പുതിയ ബ്രാഞ്ചിന്റെ പേര് എന്നിവ തിരഞ്ഞെടുത്ത ശേഷം സബ്മിറ്റ് ബട്ടൺ ക്ളിക്ക് ചെയ്യുക

5. അപ്പോൾ രജിസ്‌റ്റേഡ് മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പിയിലൂടെ വിവരങ്ങൾ കൺഫേം ചെയ്‌ത് അപേക്ഷ സബ്‌മിറ്റ് ചെയ്യാം.