തിരുവനന്തപുരം: കേരളത്തിന്റെ വിപ്ളവ നായിക കെആർ ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1957ലെ ആദ്യ മന്ത്രി സഭയിൽ അംഗമായിരുന്ന ഗൗരിയമ്മയുടെ രാഷ്‌ട്രീയ ചരിത്രം കേരളരാഷ്ട്രീയത്തിന്റെത് കൂടിയാണ്.
കളത്തിപ്പറമ്പിൽ കെ.എ രാമന്റെയും പാർവ്വതിയമ്മയുടെയും മകളായി ചേർത്തലയ്ക്കടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നായിരുന്നു കെ.ആർ ഗൗരിയുടെ ജനനം. തുറവൂർ തിരുമല ദേവസ്വം സ്‌കൂളിലും ചേർത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇന്റർമീഡിയറ്റും സെന്റ് തെരേസാസ് കോളജിൽ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജിൽനിന്നു നിയമബിരുദവും നേടി. തുടർന്ന് ജ്യേഷ്‌ഠ സഹോദരന്റെ സ്വാധീനത്താൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധവും പുന്നപ്ര–വയലാർ സമരവും ഇതിന് ആക്കം കൂട്ടി.
പി കൃഷ്‌ണപിള്ളയിൽ നിന്നാണ് ഗൗരിയമ്മ കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചത്. തുടർന്ന് 1954ൽ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.
1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേർന്നു. തുടർന്ന് ടിവിയുമായി പിരിഞ്ഞു.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാർഷിക നിയമം, കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കൽ നിരോധന ബിൽ, പാട്ടം പിരിക്കൽ നിരോധനം, സർക്കാർഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാൻ പാടില്ലെന്ന ഉത്തരവ്, സർക്കാർഭൂമിയിലെ കുടികിടപ്പുകാർക്ക് ഭൂമി കിട്ടാൻ ഇടയാക്കിയ സർക്കാർഭൂമി പതിവു നിയമം തുടങ്ങി തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വർഷങ്ങളിൽ മാത്രമാണു പരാജയമറിഞ്ഞത്.
1994ൽ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് ഗൗരിയമ്മ ജെഡിഎസിന് രൂപം നൽകിയത്. തുടർന്ന് യുഡിഎഫിനൊപ്പം പ്രവർത്തിച്ചു. പിന്നീട് 22001166ൽ മുന്നണിവിടുകയും ചെയ‌്തു. അവസാന കാലത്ത് സിപിഎമ്മുമായി അടുത്ത ഗൗരിയമ്മ, പിണറായി വിജയൻ അടക്കമുള്ളവരുമായി നല്ല സൗഹൃദം പുലർത്തി.
2010ൽ ആത്മകഥ കെ ആർ ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങുകയും 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമാവുകയും ചെയ്തിട്ടുണ്ട്.