തിരുവനന്തപുരം: വനിതാ പൊലീസുകാരും നഴ്സുമാരും വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിന് നന്ദി പറയേണ്ട ഒരാളുണ്ട്. കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായിരുന്ന കെ.ആർ. ഗൗരി അമ്മ. വിവാഹം വിലക്കിയിരുന്ന വ്യവസ്ഥ മാറ്റിയത് ഗൗരി അമ്മ മന്ത്രിയായിരുന്നപ്പോഴാണ്. സ്‌കൂളുകളിൽ പ്രധാന അദ്ധ്യാപക തസ്തികയിൽ സ്ത്രീകളെ പരിഗണിക്കാതിരുന്ന വിവേചനത്തിന് അറുതി വരുത്തിയതും ഗൗരി അമ്മയാണ്. വനിതാക്ഷേമം ഉറപ്പാക്കിയ വിപ്ളവകരമായ നടപടികൾക്ക് സ്ത്രീ സമൂഹം എന്നും അവരോട് കടപ്പെട്ടിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു വനിതാ നേതാവിനും എത്താനാവാത്ത അപൂർവ റെക്കാഡുകളുടെ ഉടമയാണ് ഗൗരി അമ്മ. ഏറ്രവും കൂടുതൽ കാലം നിയമസഭാംഗവും മന്ത്രിയുമായിരുന്ന വനിത, ഏറ്റവും പ്രായം കൂടിയ വനിതാ മന്ത്രി...
ആലപ്പുഴ പട്ടണക്കാട് കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയുടെയും മകളായി ജനിച്ച ഗൗരിയമ്മ, പെൺകുട്ടികൾക്ക് പൊതുപ്രവർത്തനം പോരായ്‌മയായി കണ്ടിരുന്ന നാളുകളിലാണ് പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും തീച്ചൂളയിലേക്ക് ചാടുന്നത്. എറണാകുളം മഹാരാജാസ്, സെന്റ് തെരേസാസ് കോളേജുകളിലെ പഠനം കഴിഞ്ഞ് തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ നിയമപഠനത്തിനു ചേർന്നതോടെയാണ് രാഷ്ട്രീയത്തിൽ സജീവമാവുന്നത്.
പി. കൃഷ്ണപിള്ളയിൽ നിന്നാണ് കമ്മ്യൂണിസ്റ്ര് പാർട്ടി അംഗത്വം സ്വീകരിച്ചത്. ട്രേഡ് യൂണിയൻ രംഗത്തും കർഷക സംഘടനകളിലും സജീവമായി.1948 ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് കന്നി മത്സരം. ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ തോറ്റെങ്കിലും ആവേശജ്വാല അണഞ്ഞില്ല. 52ലും 56 ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി.11 തവണയാണ് കേരള നിയമസഭയിൽ അംഗമായത്.1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്ര് പാർട്ടി സ്ഥാനാർത്ഥിയായി ചേർത്തലയിൽ ജയിച്ച് മന്ത്രിയായി. മന്ത്രിയായിരുന്ന കമ്മ്യൂണിസ്റ്ര് നേതാവ് ടി.വി. തോമസുമായുള്ള വിവാഹവും ഇക്കാലത്തായിരുന്നു.
ഭൂപരിഷ്കരണം, അഴിമതി നിരോധനം, വനിതാബിൽ തുടങ്ങി അഭിമാനകരമായ നിരവധി ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരി അമ്മ മുൻകൈയെടുത്താണ്. ത്യാഗവും അർപ്പണവുമാണ് അവരെ നയിച്ചത്. മറ്റുള്ളവരുടെ വിഷമങ്ങൾ ആർദ്രമനസോടെ കാണുമ്പോഴും പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും വെട്ടിത്തുറന്നു പറഞ്ഞു. താൻ ചോരയും നീരും നൽകിയ പാർട്ടി തള്ളിപ്പറഞ്ഞപ്പോഴും ജെ.എസ്.എസ് എന്ന ബദൽ പ്രസ്ഥാനമുണ്ടാക്കി പാറ പോലെ നിന്ന് പൊരുതി. അതാണ് ഗൗരിയമ്മയുടെ നിശ്ചയദാർഢ്യം.