കാലഘട്ടം 1945. മദ്രാസിലെ കേരള സമാജം ഓഫീസ് നിൽക്കുന്ന പഴയ കെട്ടിടത്തിൽ, സെക്രട്ടറിയെ കാണാനായി ഒരു ചെറുപ്പക്കാരനെത്തി.ആരോടും ഒന്നും സംസാരിക്കാതെ, ഒരരുകിൽ മാറി നിന്ന അയാളെ ആദ്യം ആരും പരിഗണിച്ചില്ല. ഖദർ ജൂബ ധരിച്ച, കറുത്തു കുറുകിയ ശരീരം. സമാജം സെക്രട്ടറി കെ.പത്മനാഭൻ നായർ അടുത്ത് ചെന്ന് കാര്യം തിരക്കി. അന്ന് അവിടെ അന്തി ഉറങ്ങാനനുവദിക്കണം. നാട്ടിലേക്ക് തിരികെ പോകാനുള്ള വണ്ടിക്കൂലിയും വേണം. അയാൾ കുറേ യാത്രാനുഭവങ്ങളൊക്കെ പറഞ്ഞുകേൾപ്പിച്ചു.
പേര്?
പി.കുഞ്ഞിരാമൻ നായർ - യുവകവി കുഞ്ഞിരാമൻ നായരാണ് മുന്നിൽ നിൽക്കുന്നത്. കാഞ്ഞങ്ങാട്ടുകാരൻ. വീടുവിട്ടിറങ്ങി, അവധൂത ജീവിതം നയിക്കുന്നയാൾ. കാല്പനികൻ.
പത്മനാഭൻ നായർ ആരാധനയോടെ വായിച്ച ചില കവിതകളെഴുതിയയാൾ. സാംസ്കാരിക പ്രവർത്തകനായ പത്മനാഭൻ നായർ മദ്രാസ് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നിട്ട് അധികകാലമായിട്ടില്ല. അന്ന്, അദ്ദേഹം കുഞ്ഞിരാമൻ നായരെ തന്റെ ലോഡ്ജിൽ കൂടെ താമസിപ്പിച്ചു. വണ്ടിക്കൂലി നൽകാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. രാവിലെ നേരെ സ്റ്റേഷനിൽ ചെന്ന് ഡയറക്ടർ ടി.ജി.സത്യമൂർത്തിയെ കണ്ട് ബോധിപ്പിച്ചു: മലയാളത്തിലെ ശ്രദ്ധേയനായൊരു കവി നഗരത്തിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കവിത മലയാളം പരിപാടിയിൽ പ്രക്ഷേപണം ചെയ്താൽ റേഡിയോയിൽ അതൊരു പുതുമയായിരിക്കും.
അതുവരെ പാട്ടുകളും നാടകങ്ങളും പ്രഭാഷണങ്ങളല്ലാതെ ഒരു സാഹിത്യ കൃതിയും മദ്രാസ് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്തിട്ടില്ല. ഞായറാഴ്ചയ്ക്കു പുറമേ മറ്റൊരു ദിവസം കൂടി മലയാള പ്രക്ഷേപണം ആരംഭിച്ചിരുന്നു. പി. കുഞ്ഞിരാമൻ നായരുടെ കവിതയോടെ അങ്ങനെയൊരു കവിതാപരിപാടി കൂടി ആരംഭിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി, പത്മനാഭൻ നായർ കടം കൊടുത്ത പേന കൊണ്ട് പി.കുഞ്ഞിരാമൻ നായർ കവിത എഴുതി. ആകാശവാണി മദ്രാസ് സ്റ്റുഡിയോയിൽ നിന്ന് ആ കവിത തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ടു. 25 രൂപയുടെ പച്ചനിറത്തിലുള്ള ചെക്ക് നൽകിയപ്പോൾ കുഞ്ഞിരാമൻ നായർ മൈക്രോഫോണിനു മുന്നിൽ കണ്ണടച്ച്, കൈകൂപ്പി നിന്നു. എന്റെ പതുങ്ങൽ കണ്ട് കവി പറഞ്ഞു: കണ്ണും കരളും ചെവിയുമില്ലാത്തതിനാൽ ഞാൻ ഈ യന്ത്രത്തെ നമസ്കരിക്കുന്നു.
പി.കുഞ്ഞിരാമൻ നായരുടെ സഞ്ചാരപഥങ്ങളിൽ അങ്ങനെ ആകാശവാണി സ്ഥാനം പിടിച്ചു. കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള യാത്രക്കിടയിൽ പിന്നീടെത്രയോ തവണ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ആകാശവാണി നിലയങ്ങളിൽ, ചെക്ക് തരൂ, കവിത വായിക്കാം എന്ന് പറഞ്ഞ് സ്വാതന്ത്ര്യത്തോടെ കയറി വന്നിട്ടുണ്ട്. വ്യവസ്ഥാപിത ചിട്ടവട്ടങ്ങളെയെല്ലാം ലംഘിച്ച്, ജീവിതം ആഘോഷമാക്കി, അലഞ്ഞു നടന്ന മഹാകവിയ്ക്കായി പലപ്പോഴും ആകാശവാണി ചട്ടങ്ങൾ ഇളവു ചെയ്തു നൽകി. സാധാരണ മൂന്നു മാസത്തിലൊരിക്കലാണ് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുക. പക്ഷേ, കൂടെക്കൂടെ അദ്ദേഹം കോഴിക്കോട് നിലയത്തിലെത്തും. 'ഇടയ്ക്ക് മിഠായിത്തെരുവിൽ വച്ച് കാണുമ്പോൾ , തലകുനിച്ച്, കണ്ണടയ്ക്കും പുരികങ്ങൾക്കുമിടയിലൂടെ നോക്കിക്കൊണ്ട് പറയും: ഗുരുവായൂരപ്പാ, ഒരു പ്രോഗ്രാം കിട്ടിയിട്ട് എത്ര നാളായി!
ആകാശവാണിയിലേക്കുള്ള യാത്രക്കിടയിൽ ബസിലും ട്രെയിനിലുമിരുന്ന് കവിതകളെഴുതിയ കാലം പി. കുഞ്ഞിരാമൻ നായർ തന്നെ രേഖപ്പടുത്തിയിട്ടുണ്ട് ( 'കവിയുടെ കാല്പാടുകൾ"). ഒറ്റപ്പാലം സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ വായിക്കാനുള്ള കവിത കുത്തിക്കുറിച്ച കടലാസ്കെട്ടുമായി ,അവിടെയുണ്ടായിരുന്ന പി. പുരുഷോത്തമൻ നായരുടെ മുറിയിലേക്ക് കയറിച്ചെന്ന്,അദ്ദേഹത്തിന്റെ സഹായത്തോടെ അസ്സൽ എഴുതിയ കഥയും മഹാകവി തന്നെ വിവരിച്ചിട്ടുണ്ട്. അതാണ്;കളിയച്ഛൻ. കുത്തിവരച്ച പോലെയായിരുന്നു കുഞ്ഞിരാമൻ നായരുടെ കൈപ്പട. കുത്തഴിഞ്ഞ പുസ്തകം പോലെയായിരുന്നു , കൈയ്യെഴുത്തു പ്രതിയിലെ കടലാസുകൾ. അനൗൺസർ കവിതയെക്കുറിച്ചുള്ള അറിയിപ്പ് നൽകുമ്പോൾ, കുഞ്ഞിരാമൻ നായർ പേജുകൾ മുറയ്ക്ക് അടുക്കുന്ന തിരക്കിലായിരിക്കും.
l
ഇനി ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക്. കാലം 1977 . കെ.പത്മനാഭൻ നായർ അന്ന് അവിടെ മ്യൂസിക് പ്രൊഡ്യൂസറാണ്. അടുത്തിടെ നിലയത്തിൽ സംഗീത സംവിധായകനായി ചേർന്ന പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് മുറിയിൽ ചെല്ലുമ്പോൾ,സഞ്ചിയും തൂക്കിയിരിക്കുന്നു മഹാകവി പി.കുഞ്ഞിരാമൻ നായർ. കവിത വായിക്കാൻ വന്നതാണ്. ഒരു ലളിതഗാനം എഴുതി തരണമെന്ന തന്റെ ഏറെക്കാലത്തെ അഭ്യർത്ഥന അദ്ദേഹം സ്വീകരിക്കാത്തതിൽ പത്മനാഭൻ നായർക്ക് പരിഭവമുണ്ട്. ജുബ്ബയിൽ നിന്ന് ഒരു പേപ്പറും പേനയുമെടുത്ത്, തന്റെ പരാതി ഇപ്പോൾ തീർത്തു തരാം എന്ന് പറഞ്ഞ് കുഞ്ഞിരാമൻ നായർ എഴുതിക്കൊടുത്തു, ഒരു ഗാനം 'കാവേരീ, പൂങ്കാവേരീ , നീ വരുമോ" എന്നാരംഭിക്കുന്ന ആ ലളിതഗാനത്തിന് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഈണമിട്ടു. അത് ലളിത സംഗീത പാഠമായും, ഗാനമായും ഏറെ പ്രശസ്തമായി. ഒരു പക്ഷേ, മഹാകവി പി. ആകാശവാണിക്കു വേണ്ടി എഴുതിയ ഒരേയൊരു ലളിത ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു.
l
1978 മെയ് 26. അയഞ്ഞ വെള്ള ജൂബ്ബ ധരിച്ച്, മുഷിഞ്ഞ രണ്ടാം മുണ്ട് കഴുത്തിലൂടെ ചുറ്റി, കവിതയുമായി തിരുവനന്തപുരം ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലെത്തിയ മഹാകവിക്ക് അന്ന് ചെക്ക് നൽകിയത് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻ.കെ.സെബാസ്റ്റ്യനായിരുന്നു. ഓഫീസിൽ നിന്നിറങ്ങി, ഉള്ളൂരിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരുന്ന സെബാസ്റ്റ്യന്റെ ചുമലിൽ ഒരാൾ സ്നേഹത്തോടെ പിടിച്ചു. തലയുയർത്തി നോക്കുമ്പോൾ , മഹാകവി പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി മുഖം മുഴുവൻ നിറഞ്ഞു നിൽക്കുന്നു ഹോട്ടലുടമയോട് അദ്ദേഹം കൽപ്പിച്ചു : രംഗൻ, ഇദ്ദേഹത്തിന്റെ ഇന്നത്തെ ചെലവു മുഴുവൻ എന്റെ വക. സെബാസ്റ്റ്യന്റെ തോളിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: എന്താ വേണ്ടതെന്നു വെച്ചാല് വാങ്ങിക്കഴിച്ചോണം. ഒട്ടും മടി വിചാരിക്കരുത്. മുൻപ് പലപ്പോഴും നമുക്കൊന്നു കൂടണമല്ലോ എന്ന് പറഞ്ഞ് അദ്ദേഹം ക്ഷണിച്ചിരുന്നത് ഓർമ്മയുണ്ടായിരുന്നതിനാൽ കവിയോട് പറഞ്ഞു: ഇതൊന്നും പോര. ഒരുഗ്രൻ പാർട്ടി തന്നെ തരണം, ഉടനെയാവാം; എന്ന് കവി ഉറപ്പു നൽകി. ' ജൂബ്ബയുടെ പോക്കറ്റിൽ നിന്ന് രണ്ടു മൂന്ന് നാരങ്ങാ മിഠായി എടുത്ത് എന്റെ നേരെ നീട്ടി. അതു വാങ്ങി ഞാൻ വെളിയിലേക്ക് നടക്കുമ്പോൾ കവി വീണ്ടും ഓർമ്മിപ്പിച്ചു : നമുക്കുടനെ തന്നെ കൂടണം. വൈകരുത്. - ഇല്ല,വൈകില്ല. ആ വാക്കുപാലിക്കാനായില്ല. അന്നു രാത്രി തമ്പാന്നൂർ സി.പി. സത്രത്തിലെ പതിനൊന്നാം നമ്പർ മുറിയിൽ ഉറങ്ങാൻ കിടന്ന അദ്ദേഹം പിന്നെ ഉണർന്നില്ല. ആകാശവാണിയിൽ തന്റെ അവസാന കവിത വായിച്ച സന്തോഷത്തോടെ മഹാകവി പി.കുഞ്ഞിരാമൻ നായർ നിത്യതയിലേക്ക് യാത്രയായി.
ലേഖകന്റെ ഫോൺ :
9447181006