covid-treatment

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗം ഗൗരവമായി തുടരുമ്പോഴും രാജ്യത്ത് ആകെയുള‌ള സ്ഥിതിയിൽ നേരിയ ആശ്വാസം. ഇന്ന് 3,29,942 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണമടഞ്ഞവർ 3876. എന്നാൽ രോഗമുക്തിയിലും രാജ്യത്ത് വൻ മുന്നേ‌റ്റമുണ്ട്. 3,56,082 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,29,92,517 ആയി. രാജ്യത്തെ ആകെ മരണ സംഖ്യ രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. 2,49,992 ആണ് ആകെ മരണമടഞ്ഞവർ. ആക്‌ടീവ് കേസുകൾ 37,15,221 ആണ്. ഇതുവരെ രോഗം ഭേദമായവർ 1,90,27,304 ആണ്.

കഴിഞ്ഞ രണ്ട് മാസത്തിൽ ആദ്യമായി പ്രതിദിന കൊവിഡ് കണക്കിൽ രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗം ഭേദമായവരുണ്ടായ ദിനമാണിന്ന്. പ്രതിദിന കൊവിഡ് കണക്കിൽ മുന്നിലുള‌ള സംസ്ഥാനങ്ങൾ ഇവയാണ്. കർണാടക (39,305), മഹാരാഷ്‌ട്ര (37,236), തമിഴ്‌നാട്(28,978), കേരളം(27,487), ഉത്തർ പ്രദേശ്(21,277). രാജ്യത്തെ കൊവിഡ് കണക്കിൽ 46.7 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ മാത്രം ദേശീയ ശരാശരിയുടെ 11.91 രോഗികളുണ്ട്.

രാജ്യത്ത് രണ്ട് കോടി രോഗികളുണ്ടായത് മേയ് നാലിനാണ് വെറും ഒരാഴ്‌ച കൊണ്ട് ഒന്നര കോടി രോഗികൾ കൂടി. രാജ്യത്തേക്ക് കൊവിഡ് സഹായം ആഗോളതലത്തിൽ പ്രവഹിക്കുകയാണ്. സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഈ സഹായങ്ങൾ അതിവേഗം കൈമാറുകയാണിപ്പോൾ കേന്ദ്ര സർക്കാർ.