തൈവളപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ ഉഷ്ണജ്വാലകളിലേയ്ക്ക് ആടിയുലയുന്ന മരച്ചില്ലകളെ നോക്കി നിന്നു. പേരയ്ക്ക തീർന്ന് അകിടു ചോർന്ന മരം. ഇലകളും ഗ്രീഷ്മത്തിലേയ്ക്ക് പറന്നു കൊഴിഞ്ഞു. അറ്റത്തൊരു ചില്ലയിൽ തൂവൽ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു. തൈവളപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർക്കു മുന്നിൽ പേരമരം ദുഃശകുനമായി. ദുരന്തവേതാളമായി.... 1989-ൽ ഞാനെഴുതിയ 'പേരമരം" എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്. നമഃശിവായയിൽ നിന്നുണർന്ന് പുറത്തേയ്ക്കു വന്ന മീനാക്ഷിയമ്മയോട് കുഞ്ഞിരാമൻ നമ്പ്യാർ പറയുന്നു : ഞാനീ മരം കൊത്താൻ പോന്ന്.... മഴുക്കാരൻ കുഞ്ഞുവറീതിനോട് പറയാം. അവൻ കൊമ്പുകൾ തറച്ച് കട പുഴക്കി നീക്കിത്തരും....
ഏറെ പ്രതീക്ഷകളോടെയാണ് കുഞ്ഞിരാമൻ നമ്പ്യാർ പത്തുനാൽപ്പതുവർഷം മുമ്പ് ഒരു പേരത്തൈ വാങ്ങാൻ സീഡ്ഫാമിലെത്തിയത്. അവിടത്തെ സുന്ദരിയായ ഓഫീസറമ്മയായിരുന്നു മീനാക്ഷി. ഒരേയൊരു പേരത്തൈ മാത്രമേ ബാക്കിയുള്ളുവെന്നും അത് താൻ വീട്ടിലേക്കു കൊണ്ടുപോകുവാൻ മാറ്റിവച്ചതാണെന്നും മീനാക്ഷിയമ്മ പറഞ്ഞപ്പോൾ കുഞ്ഞിരാമൻ നമ്പ്യാർ ചോദിക്കുന്നത് എന്നാലത് നമുക്ക് ഒന്നിച്ചു നട്ടുവളർത്തിയാലോ എന്നാണ്. അവരതങ്ങനെത്തന്നെ ചെയ്തു. കഥയിലിങ്ങനെ :
അവരൊന്നിച്ച് ആ പേരമരത്തിന് കുഴിയെടുത്തു. നനഞ്ഞ് ചെടിപ്പുള്ള മണ്ണിൽ കുഞ്ഞിരാമൻ നമ്പ്യാർ ആഞ്ഞുകുനിഞ്ഞ് കുഴി തീർത്തു. മീനാക്ഷിയമ്മ ഒരാലസ്യത്തോടെ വളം ചേർത്തു. മുള പൊട്ടി.... കൃഷ്ണൻകുട്ടി പിറന്നു. കൗസല്യ പിറന്നു. ദാമോദരനും പിറന്നു. കുഞ്ഞുങ്ങൾ കുഞ്ഞിച്ചിറകടിച്ചു. 'പേരയ്ക്ക തിന്ന് നമ്മുടെ മക്കൾ വളരട്ടെ"തൈവളപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ മീനാക്ഷിയമ്മയുടെ ശിരസിൽ ഒരു കൈ തലോടി തന്നോടു ചേർത്തു.
രണ്ട്
പക്ഷേ മക്കൾ അവരുടെ പ്രതീക്ഷയ്ക്കൊത്തല്ല വളർന്നത്. ഒടുവിൽ ജീവിതമരം മുറിച്ചു കളയുന്ന ആ പാവം അച്ഛനമ്മമാരുടെ കിതപ്പുകളിലൂടെയാണ് കഥ അവസാനിക്കുന്നത്. 1989 ഏപ്രിൽ 16-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നെങ്കിലും 2007 ആഗസ്തിൽ, എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ തന്റെ പ്രശസ്തമായ 'വാഴ്വും നിനവും" എന്ന മാധ്യമം കോളത്തിൽ, ഒരു മഴവെള്ളപ്പാച്ചിലിൽ കണ്ടെടുത്ത പഴയ മാതൃഭൂമി വാരികയിൽ അത്ഭുതത്തോടെ വായിച്ച ലോകകഥയായി അവതരിപ്പിച്ചതോടെയാണ് 'പേരമരം" വീണ്ടും പൂവിട്ടു തുടങ്ങുന്നത്. അങ്ങനെ കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസിലൂടെ 'പേരമരം" പുസ്തകമാവുകയും 2012-ലെ കേരളസാഹിത്യ അക്കാഡമി അവാർഡിനർഹമാവുകയും ചെയ്തു. പ്രിയസുഹൃത്ത് മോപ്പസാംഗ് വാലത്തിന്റെ കവർചിത്രത്തോടെയിറങ്ങി ഇപ്പോൾ മകൾ വർഷയുടെ പെയിന്റിംഗിൽ എത്തി നിൽക്കുന്ന മൂന്നു പതിപ്പുകൾ.
മൂന്ന്
നാലുവർഷം മുമ്പാണ് 'പേരമരം"ഹിന്ദി സംസാരിച്ചു തുടങ്ങുന്നത്! കേരളസർക്കാരിന്റെ ആദ്യ വിവർത്തകരത്നം അവാർഡ് നേടിയ പ്രൊഫ. ഡി. തങ്കപ്പൻ നായർ, ഡോ. പി.ജെ. ശിവകുമാറുമായി ചേർന്നാണ് 'അമരൂദ് കാ പേഡ് " എന്ന പേരിൽ 'പേരമര"ത്തിലെ പത്തൊമ്പത് കഥകൾ വിവർത്തനം ചെയ്തത്. ഉത്തർപ്രദേശിലെ മഥുരയിലുള്ള പ്രശസ്തമായ ജവഹർ പുസ്തകാലയ് മനോഹരമായി അത് പുറത്തിറക്കിയപ്പോൾ ആ വർഷത്തെ സി.ബി.എസ്. ഇ ഉപപാഠപുസ്കതമായും അത് മാറി.
വർഷങ്ങൾക്കു മുമ്പ് 'പേരമരം" ആദ്യപതിപ്പിറങ്ങിയപ്പോൾ ഒരു കൗതുകത്തിന് ഗിരിജയുടെ ചേച്ചിയുടെ മകൾ വീണ അവളുടെ അമേരിക്കൻ പ്രവാസകാലത്ത് തുടങ്ങിവെച്ചതാണ് ഇംഗ്ലീഷ് പരിഭാഷ. സുഹൃത്തും നവചലച്ചിത്രകാരനുമായ ടോം. ജെ.മങ്ങാട്ട് തന്റെ 'ഇന്ദുലേഖ.കോമി"ന്റെ പ്രസാധക സംരംഭമായ 'ഇൻഡിഗോ"യിലൂടെ അതിന് പുസ്തകരൂപം നൽകുമ്പോൾ, പുസ്തകം എഡിറ്റ് ചെയ്ത ബീന.ജെ കൂടി വീണയോടൊപ്പം വിവർത്തനത്തിൽ പങ്കാളിയാവുന്നു. 'The Guava Tree" എന്ന പേരിൽ പതിനഞ്ചുകഥകളുടെ സമാഹാരം ഇപ്പോൾ വായനക്കാരിലേക്കെത്തുകയാണ്. രാജേഷ് ചാലോടിന്റെ സുന്ദരമായ മുഖചിത്രത്തിൽതന്നെ പ്രിയപ്പെട്ട കഥാകാരൻ സക്കറിയയുടെ നിരീക്ഷണമുണ്ട് :This excellent collection of Satheesh Babu's stories is a valuable addition to the growing treasury of Indian writing in English translation.
(ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ബുക്ക് സ്റ്റോറായ indulekha.comന്റെ വാട്സാപ്പ് നമ്പർ: 94465 84687)
നാല്
കഥയിൽ കുഞ്ഞിരാമൻ നമ്പ്യാർ താൻ ലാളിച്ചു വളർത്തിയ പേരമരത്തെ കൊത്തി നുറുക്കാൻ തീരുമാനിച്ചെങ്കിലും എന്റെ 'പേരമരം"പിന്നെയും ശാഖകൾ വളർന്ന് പൂത്തുലയുക തന്നെയാണ്! പൂർണ്ണ പബ്ലിക്കേഷനിൽ നിന്ന് നാലാം പതിപ്പൊരുങ്ങുന്നു എന്ന വാർത്തയ്ക്കൊപ്പം, ഇപ്പോൾ തമിഴ്നാട്ടിലെ മാർത്താണ്ഡത്തു നിന്ന് പ്രൊഫ: എസ്. അനിതയുടെ വാട്ട്സാപ്പ് സന്ദേശം : 'കൊയ്യാമരം" വിവർത്തനം പൂർത്തിയായി വരുന്നു... അങ്ങനെ എന്റെ പേരമരത്തിൽ തമിഴ് പൂക്കളും വിരിയുകയായി...!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343