muraleedharan

ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിലെ ധീര വനിതയാണ് കെ ആർ ഗൗരിയമ്മയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് കെ ആര്‍ ഗൗരിയമ്മയുടേത്. ചെറുപ്പത്തിൽ തന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയർന്നു വരികയും ചെയ്‌തുവെന്നും വി മുരളീധരൻ പറഞ്ഞു.

​​​സ്ത്രീകൾ പൊതുപ്രവർത്തന മേഖലയിൽ സജീവമല്ലാതിരുന്ന കാലത്ത് രാഷ്ട്രീയത്തിൽ സ്വന്തം ഇടം സൃഷ്‌ടിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരുഷ മേൽകോയ്‌മയുടേയും ജാതി വൈരത്തിന്‍റെയും ഇരയാകേണ്ടി വന്നപ്പോഴും തല താഴ്ത്താൻ തയ്യാറായിരുന്നില്ല ഗൗരിയമ്മ. പാർട്ടി പുറത്താക്കി നീതികേടു കാണിച്ചപ്പോഴും അവർ പതറിയില്ലെന്നും മുരളീധരൻ അനുസ്‌മരണ സന്ദേശത്തിൽ പറഞ്ഞു.

ഗൗരിയമ്മയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണ് ഭൂപരിഷ്‌കരണ നിയമം. കമ്മ്യൂണിസ്റ്റ് നേതാവായിരിക്കുമ്പോഴും അടിയുറച്ച കൃഷ്‌ണ ഭക്തയായിരുന്നു ഗൗരിയമ്മ. തലമുറകളുടെ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മുരളീധരൻ പറഞ്ഞു.