ചെറുപ്പം മുതലേ സിനിമകളുടെ ലോകത്തായിരുന്നു ഡെന്നീസ്. സംവിധാനമായിരുന്നു മനസിൽ. കോളേജ് മാഗസിനിൽ പോലും ഒരു വരി കവിതയോ കഥയോ എഴുതിയിട്ടില്ലാത്തയാൾ എങ്ങനെ സൂപ്പർഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ചതെന്ന് ചിന്തിച്ചാൽ ആരും അതിശയിച്ച് പോകും. ഒട്ടും പ്രതീക്ഷിക്കാതെ 'കട്ട് കട്ട് " എന്ന സിനിമാ - കാർട്ടൂൺ മാസികയിലേക്കെത്തിയതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഡെന്നീസ് പറഞ്ഞിട്ടുണ്ട്. ഫിലിം പ്രൊഡ്യൂസർ ഏലിയാസ് ഈരാളിയും ചില കോളേജ് അദ്ധ്യാപകരും ചേർന്ന് തുടങ്ങിയ മാസികയായിരുന്നു അത്. അവിടെ സബ് എഡിറ്ററായി ജോലി തുടങ്ങിയതോടെ പല താരങ്ങളുടെയും അഭിമുഖങ്ങളെടുക്കാൻ പറ്റി. അങ്ങനെയാണ് സിനിമാക്കാരുമായി അടുക്കുന്നത്.
'ചുവന്ന ചിറകുകൾ"ക്ക് ശേഷം ഈരാളി നിർമ്മിച്ച ചിത്രത്തിന്റെ ഒരുക്കങ്ങൾ നടക്കുന്ന സമയം. കലാസംവിധായകനായിരുന്ന രാധാകൃഷ്ണനാണ് സംവിധാനം. അന്ന് ഈരാളിയും രാധാകൃഷ്ണനുമായുള്ള ചർച്ചകളിലിരിക്കാൻ ഡെന്നീസിനും അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ സിനിമാ ചർച്ച. അതോടെ തിരക്കഥ എന്ന മാദ്ധ്യമത്തിന്റെ മർമ്മം ഡെന്നീസ് മനസിലാക്കി കഴിഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ സ്വന്തമായൊരു തിരക്കഥയും എഴുതി പൂർത്തിയാക്കി.
ഇതിനിടയിൽ ഈരാളി ഫുൾ ടൈം പ്രൊഡ്യൂസറായി ചെന്നൈയിലേക്ക് പോയതോടെ 'കട്ട് കട്ട്" മാസികയുടെ പ്രവർത്തനം നിലച്ചു. പിന്നീട് ഡെന്നീസും സുഹൃത്തുക്കളായ അശോകനും അമ്പിളിയും ചേർന്ന് എറണാകുളം എസ്.ആർ.എം റോഡിൽ ഒരു പ്രിന്റിംഗ് പ്രസ് തുടങ്ങി. നടൻ ജോസ് പ്രകാശിന്റെ സഹോദരിയുടെ മകനാണ് ഡെന്നീസ്. അദ്ദേഹത്തിന്റെ മകൻ രാജൻ ജോസഫ് 'കൂടെവിടെ" എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായി പേരെടുത്തു നിൽക്കുന്ന സമയം. ഇരുവർക്കുമിടയിലെ സൗഹൃദ സംഭാഷണങ്ങളിലെ പ്രധാന വിഷയം സ്വാഭാവികമായും സിനിമയായി മാറി. അക്കാലത്തിറങ്ങിയ 'ഐ ഒഫ് ദ നീഡിൽ" എന്ന ഇംഗ്ളീഷ് സിനിമയുടെ പ്രമേയം കേരളത്തിൽ നടക്കുന്ന ഒരു കഥയായി ഡെന്നീസ് മാറ്റി എഴുതി.
അന്നത്തെ പല പ്രമുഖ സംവിധായകരെയും സമീപിച്ചെങ്കിലും പലർക്കും ഡേറ്റിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. അവസാനം സംവിധായകൻ ജേസിയെ സമീപിച്ചു. പല സീനുകളും മാറ്റിയെഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അവസാനം അന്നത്തെ പ്രമുഖ തിരക്കഥാകൃത്തായ ജോൺ പോളിനെ കൊണ്ട് ഡെന്നീസിന്റെ സമ്മതത്തോടെ കഥ മാറ്റിയെഴുതിപ്പിച്ച് 'ഈറൻ സന്ധ്യ" എന്ന പേരിൽ സിനിമ പുറത്തിറക്കി.മമ്മൂട്ടിയുമായുള്ള കൂട്ടുക്കെട്ട് തന്നെയാണ് തങ്ങളുടെ സിനിമകളുടെ വിജയമെന്ന് ഡെന്നീസ് ഉറച്ച് വിശ്വസിച്ചിരുന്നു. പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത 'ഈ തണലിൽ ഇത്തിരി നേരം" എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് മമ്മൂട്ടിയുടെ വെള്ള അംബാസിഡർ കാറിലെ യാത്രയാണ് ഡെന്നീസിന്റെ സിനിമാജീവിതത്തിലെ വലിയ ഹിറ്റ് സമ്മാനിക്കുന്നത്. യാത്രയ്ക്കിടയിലെ അന്നത്തെ സംസാരത്തിനിടയിൽ പുതിയ കഥകൾ ഏതെങ്കിലുമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു. മനസിൽ തോന്നിയ കഥ ഡെന്നീസ് പറയുകയും ചെയ്തു. കഥ കേട്ടെങ്കിലും മമ്മൂട്ടി അന്ന് കാര്യമായൊന്നും പ്രതികരിച്ചിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞതോടെ ഡെന്നീസ് വീണ്ടും പ്രസും മറ്റ് പരിപാടികളുമായി മുന്നോട്ടു പോയി. ഒരു ദിവസം പ്രസിന് മുന്നിൽ ഒരാൾക്കൂട്ടവും ബഹളവുമൊക്കെ കേട്ട് ചെന്ന് നോക്കുമ്പോൾ മമ്മൂട്ടി കയറിവരികയാണ്. അന്ന് പറഞ്ഞ കഥ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജോഷിയെ കാണാൻ പറഞ്ഞിട്ട് മമ്മൂട്ടി പുതിയ പടത്തിന്റെ ലൊക്കേഷനിലേക്ക് പോയി.
ഒരുപാട് ആശങ്കകളുമായിട്ടാണ് ഡെന്നീസ് തിരക്കഥയുമായി ജോഷിയെ കാണാൻ ചെല്ലുന്നത്. കാര്യം പറഞ്ഞതോടെ പതിനഞ്ചു മിനിട്ടു നേരത്തേക്ക് ലൈറ്റ്സും ജനറേറ്ററും ഓഫ് ചെയ്യാൻ ജോഷി കാമറാമാനോട് പറഞ്ഞു. തിരക്കഥാ വായന തുടങ്ങിയിട്ട് കൃത്യം പതിനഞ്ചു മിനിട്ടു കഴിഞ്ഞു. ഉടനെ തന്നെ അസിസ്റ്റന്റിനെ വിളിച്ചു ഷൂട്ടിംഗ് ഒരു മണിക്കൂർ കഴിഞ്ഞു തുടങ്ങാമെന്ന് പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉച്ചവരെ ബ്രേക്ക് പറഞ്ഞു.'മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ എന്നൊന്നും പറയില്ല. പക്ഷേ എനിക്ക് ലഭിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച ഒന്നാണിത്." ഇതായിരുന്നു തിരക്കഥ വായിച്ച് ജോഷി പറഞ്ഞത്. ആ തിരക്കഥയാണ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'നിറക്കൂട്ട്". തമിഴ്, കന്നട, ഹിന്ദി ഭാഷകളിലേക്ക് 'നിറക്കൂട്ട് " റീമേക്ക് ചെയ്തു. എല്ലാഭാഷകളിലും സൂപ്പർ ഹിറ്റായി. 'രാജാവിന്റെ മകന്" ശേഷം അദ്ദേഹം തിരക്കഥയൊരുക്കിയ രണ്ടു മൂന്നു ചിത്രങ്ങൾ വൻ പരാജയങ്ങളായി. അതുപോലെ ജോഷിയുടെയും. തുടർപരാജയങ്ങൾക്കു ശേഷം വന്ന ചിത്രമായിരുന്നു ' ന്യൂ ഡൽഹി ". വില്ലന്മാരുടെ അടികൊള്ളുന്ന നായകനെക്കുറിച്ച് അന്ന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. നായകൻ പ്രതികാരം ചെയ്യുന്നത് പത്രവും പത്രവാർത്തകളും കൊണ്ടാണ്. ഇത്തരം പുതിയ രീതികളൊക്കെ വർക്കൗട്ട് ആകുമോയെന്നു ഭയന്ന് അഞ്ചാറ് നിർമ്മാതാക്കൾ നിരസിച്ച തിരക്കഥയാണത്. എന്നാൽ മലയാള സിനിമ കണ്ട ചരിത്ര വിജയങ്ങളിലൊന്നായി 'ന്യൂഡൽഹി" മാറി. തുടർപരാജയങ്ങളിൽ നിരാശനായിരുന്ന മമ്മൂട്ടിക്കും ആ വിജയം പുത്തനുണർവ് സമ്മാനിച്ചു. ഷിബു ചക്രവർത്തി, നടൻ ജഗദീഷ്, ജോഷിയുടെ അസിസ്റ്റന്റായ ഗോവിന്ദൻകുട്ടി തുടങ്ങി നിരവധിപേർ അദ്ദേഹത്തിന്റെ കോപ്പിറൈറ്റർമാരായി ജോലി ചെയ്തിരുന്നുവെന്നതും ചരിത്രം.