gowri-amma

ആലപ്പുഴ: ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര അവരുടെ എക്കാലത്തേയും പോരാട്ടഭൂമിയായ ആലപ്പുഴയിലെത്തി. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി അരൂരിലേക്ക് കൊണ്ടു വന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായതിനാൽ തന്നെ വഴിയരികിൽ ഒരിടത്തും പൊതുദർശനം ഉണ്ടായിരുന്നില്ല. വൈകുന്നേരം ആറ് മണിയ്‌ക്ക് വലിയ ചുടുകാട്ടിൽ കേരളത്തിന്‍റെ വിപ്ലവ നായികയെ സംസ്‌കരിക്കും. ഭർത്താവിയിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്‌ക്കായും അന്ത്യവിശ്രമം ഒരുക്കുന്നത്.

പാർട്ടി വിട്ടുപോയ ഒരാളെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കുന്ന പതിവ് സി പി എമ്മിനില്ല. എന്നാൽ ഗൗരിയമ്മയുടെ ആഗ്രഹമായിരുന്നു തന്‍റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിൽ ആയിരിക്കണമെന്നത്. രാവിലെ മരണവിവരം അറിഞ്ഞയുടൻ വലിയ ചുടുകാട്ടിൽ തന്നെ സംസ്‌ക്കാരം നടത്താൻ സി പി എം- സി പി ഐ നേതൃത്വങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ ഗൗരിയമ്മയുടെ മൃതദേഹത്തിന് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. എ വിജയരാഘവനും എം എ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചത്.