dennis-joseph

മമ്മൂട്ടിയിലെ താരത്തിന് പുനർജന്മവും മോഹൻലാലിലെ താരത്തിന് ജന്മവും നൽകിയ സിനിമകളെഴുതിയ ഡെന്നിസ് ജോസഫ് മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളിലെ സൂപ്പർ താരമായിരുന്നു.

അനശ്വരനായ ജയൻ അഭിനയിച്ച ആദ്യ ചിത്രമായ ശാപമോക്ഷത്തിന്റെ നിർമ്മാണ പങ്കാളികളിലൊരാൾ ഡെന്നീസ് ജോസഫിന്റെ പിതൃസഹോദരനായ ഫ്രാൻസിസ് (ജീവിച്ചിരുപ്പില്ല) ആയിരുന്നു. സംവിധായകൻ ജേസിയുടെയും ആദ്യ ചിത്രമായിരുന്നു അത്.

ജേസി സംവിധാനം ചെയ്ത ഈറൻസന്ധ്യയ്ക്ക് കഥയെഴുതി പില്‌ക്കാലത്ത് ഡെന്നീസ് ജോസഫ് സിനിമാരംഗത്തേക്ക് കടന്നുവന്നത് കാലം കാത്തുവച്ചിരുന്ന കൗതുകങ്ങളിലൊന്ന്. (ടൈറ്റിലിൽ കഥ, തിരക്കഥ : ഡെന്നീസ് ജോസഫ് എന്നും സംഭാഷണം: ജോൺ പോൾ എന്നുമാണെങ്കിലും തന്റെ തിരക്കഥ പൂർണമായി തിരുത്തിയെഴുതിയത് ജോൺപോൾ ആയിരുന്നുവെന്ന് ഡെന്നീസ് ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്).

നിറക്കൂട്ട്

ആദ്യ തിരക്കഥ

ജേസിയുടെയോ ജോൺപോളിന്റെയോ അല്ലാത്ത ചില ടച്ചസ് ഈറൻസന്ധ്യയിലുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞ പ്രകാരം ഒരു ദിവസം നിർമ്മാതാവ് ജൂബിലി ജോയ് തോമസ് ഒരു കഥ വേണമെന്ന ആവശ്യവുമായി ഡെന്നീസ് ജോസഫിനെ കാണാൻ വന്നു.

ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥ തേക്കടിയിൽ ഒന്നിങ്ങുവന്നെങ്കിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉച്ചവരെ നിറുത്തിവച്ച് വായിച്ച ശേഷം സംവിധായകൻ ജോഷി പറഞ്ഞു: ''എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ മികച്ച തിരക്കഥ."

സൂപ്പർഹിറ്റായ നിറക്കൂട്ട് എന്ന ചിത്രത്തിന്റെ തുടക്കം അവിടെയായിരുന്നു. മലയാള സിനിമ നാളതുവരെ കണ്ട് ശീലിച്ച വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ഒരു പുതിയ ചരിത്രത്തിന്റെയും തുടക്കം. മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളിലെ ആദ്യ സൂപ്പർതാരമായ ഡെന്നീസ് ജോസഫിന്റെയും തുടക്കം. അടുത്ത ചിത്രമായ ശ്യാമയുടെ തിരക്കഥ വെറും രണ്ടര ദിവസം കൊണ്ടാണ് പൂർ ത്തിയായത്. ആ സിനിമയും സൂപ്പർഹിറ്റായി.

ശ്യാമയും സൂപ്പർഹിറ്റായതോടെ ഐ.വി. ശശിയും അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ഒഴികെയുള്ള സംവിധായകരെല്ലാം തന്നോട് തിരക്കഥ ചോദിച്ചുവെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞിട്ടുണ്ട്.

രാജാവിന്റെ

മകന്റെ വരവ്

പക്ഷേ ആ നേരം അല്പദൂരം എന്ന ആദ്യ ചിത്രം പരാജയമായ തമ്പി കണ്ണന്താനത്തിന് വേണ്ടി തിരക്കഥയെഴുതാൻ തീരുമാനമെടുത്ത് ഡെന്നീസ് ജോസഫ് അന്ന് എല്ലാവരെയും ഞെട്ടിച്ചു. ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടി തന്നെയായിരുന്നു തമ്പി കണ്ണന്താനത്തിന്റെ മനസിൽ. പക്ഷേ തമ്പിയുമായി വീണ്ടും സഹകരിക്കാൻ മമ്മൂട്ടി വിസമ്മതിച്ചു. അങ്ങനെ മമ്മൂട്ടിയോടുള്ള വാശിപ്പുറത്ത് തമ്പി മോഹൻലാലിനെ സമീപിച്ചു. മോഹൻലാൽ തമ്പിക്ക് കൈ കൊടുത്തു. ആ സിനിമയാണ് രാജാവിന്റെ മകൻ. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ സിനിമ.

ന്യൂഡൽഹിയിലൂടെ

മമ്മൂട്ടിയുടെ തിരിച്ചുവരവ്

വീണ്ടും, സായം സന്ധ്യ, ആയിരം കണ്ണുകൾ, ന്യായവിധി, ജോഷി - മമ്മൂട്ടി ടീമിന് വേണ്ടി ഡെന്നിസ് ജോസഫ് എഴുതിയ സിനിമകൾ ഒന്നിന് പിറകേ മറ്റൊന്നായി ബോക്സോഫീസിൽ പരാജയം രുചിച്ച കാലം. മമ്മൂട്ടിയുടെ താരമൂല്യം നാൾക്കുനാൾ കുറഞ്ഞുവരുന്ന സമയം. മമ്മൂട്ടി ഔട്ടായിയെന്ന് തന്നെ പലരും വിധിയെഴുതി. പക്ഷേ...

ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും കേട്ടുകേൾവിയിൽ നിന്നും ഡെന്നിസ് ജോസഫ് പുതിയൊരു കഥ മെനഞ്ഞെടുത്തു.

സ്വന്തം പത്രം ശ്രദ്ധിക്കപ്പെടാൻ വേണ്ടി വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസ്. അങ്ങനെ ഒരാശയം നമ്മുടെ സിനിമയിൽ അംഗീകരിക്കപ്പെടില്ലെന്ന് തോന്നിയപ്പോൾ അതിൽ ഒരു 'പതിവ്" പ്രതി​കാര കഥ കൂടി​ ചേർത്തു. വി​ശ്വസനീയതയ്ക്ക് വേണ്ടി​ ന്യൂഡൽഹി​ പശ്ചാത്തലമാക്കി​.

ന്യൂഡൽഹി​ എന്ന ആ സി​നി​മ ചരി​ത്രവി​ജയമായി​. മമ്മൂട്ടി​യുടെ തി​രി​ച്ചുവരവി​ന് വഴി​യൊരുക്കി​യ ചി​ത്രമെന്നതി​ലുപരി​ മലയാളത്തി​ലെ കൊമേഴ്സ്യൽ സി​നി​മകളുടെ ഖ്യാതി​ മറ്റ് ഭാഷകളി​ലേക്ക് കൂടി​ പടർത്തിയ സി​നി​മയെന്ന നി​ലയ്ക്കുകൂടിയായിരിക്കും. ന്യൂഡൽഹി​ ചരി​ത്രത്തി​ൽ രേഖപ്പെടുത്തപ്പെടുന്നത്. ഹി​ന്ദി​യി​ലും തെലുങ്കി​ലും കന്നഡയി​ലുമൊക്കെ ന്യൂഡൽഹി​ റീമേക്ക് ചെയ്യപ്പെട്ടു.

ന്യൂഡൽഹി​യുടെ ഹി​ന്ദി​ റീമേക്ക് അവകാശം വാങ്ങാൻ സാക്ഷാൽ രജനി​കാന്ത് ഡെന്നീസ് ജോസഫി​നെ തേടി​ വന്നി​ട്ടുണ്ട്. അന്ധാ കാനൂന് ശേഷം ഹി​ന്ദി​യി​ൽ നല്ലൊരു സി​നി​മി ചെയ്യാൻ ആഗ്രഹി​ച്ചി​രുന്ന രജനി​ക്ക് പക്ഷേ നി​രാശയായി​രുന്നു ഫലം. ന്യൂഡൽഹി​യുടെ ഹി​ന്ദി​ റീമേക്കി​ൽ ജോഷി​ അതി​ന് മുൻപേ ബോളി​വുഡ് താരം ജി​തേന്ദ്രയുമായി​ കരാറായി​ക്കഴി​ഞ്ഞതായി​രുന്നു കാരണം.

ന്യൂഡൽഹി​ കണ്ട് മണി​രത്നം പോലും ഡെന്നി​സ് ജോസഫി​നോട് തി​രക്കഥ ചോദി​ച്ചി​ട്ടുണ്ട്. തനി​ക്ക് ഷോലെ കഴി​ഞ്ഞാൽ ഇന്ത്യൻ സി​നി​മകളി​ൽ ഇഷ്ടപ്പെട്ട കൊമേഴ്‌സ്യൽ സി​നി​മയുടെ സ്‌ക്രി​പ്റ്റ് ന്യൂഡൽഹി​യുടേതാണെന്ന് മണി​രത്നം ഡെന്നീസ് ജോസഫി​നോട് പറഞ്ഞി​ട്ടുണ്ട്.

'അഞ്ജലി" എന്ന സി​നി​മയുടെ കഥ പറഞ്ഞി​ട്ട് അതി​ന്റെ തി​രക്കഥയെഴുതാൻ മണി​രത്നം ആവശ്യപ്പെട്ടെങ്കി​ലും തി​രക്കുകൾക്കി​ടയി​ൽ ഡെന്നി​സ് ജോസഫി​ന് അതി​ന് സാധി​ച്ചി​ല്ല.

പ്രഭു അവതരി​പ്പി​ച്ച കൊലയാളി​യുടെ കഥാപാത്രത്തി​ന് ഡെന്നി​സ് ജോസഫ് എന്ന് പേരി​ട്ടാണ് മണി​രത്നം തന്നോട് പ്രതി​കാരം തീർത്തതെന്ന തമാശ തന്റെ ഓർമ്മപ്പുസ്തകത്തി​ൽ ഡെന്നീസ് ജോസഫ് അനുസ്മരി​ക്കുന്നുണ്ട്.

എഴുതി​യാലും എഴുതി​യാലും തീരാത്ത സംഭവബഹുലമായ ഒരു കഥയാണ് ഡെന്നീസ് ജോസഫ്. അദ്ദേഹത്തി​ന്റെ സി​നി​മകൾ പോലെ ഹരം പിടി​പ്പി​ക്കുന്ന കഥകൾ.

''വി​ശ്വനാഥൻ... വിശ്വത്തിന്റെ നാഥൻ... "

''ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്."

സിനിമാ ഡയലോഗുകൾ മലയാളി പ്രേക്ഷകന്റെ സിരകളിലേക്ക് ലഹരിയായ് നിറച്ച തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. തിരക്കഥയിലെ സൂപ്പർ താരം

ജീവിതരേഖ

പരേതരായ എയർഫോഴ്സ് അദ്ധ്യാപകൻ എം.എൽ. ജോസഫിന്റെയും സ്കൂൾ അദ്ധ്യാപിക തങ്കമ്മ ജോസഫിന്റെയും മകനായി 1957 ഒക്ടോബർ 20ന് കോട്ടയത്ത് ജനനം. ചെറുവാണ്ടൂർ എൽ.പി സ്കൂളിലും ഏറ്റുമാനൂർ ഗവൺമെന്റ് സ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളേജിലും എറണാകുളം ലിസി ഹോസ്പിറ്റൽ കോളേജ് ഒഫ് ഫാർമസിയിലുമായി വിദ്യാഭ്യാസം. ജേസി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രമായ ഈറൻസന്ധ്യയുടെ കഥാകൃത്തായി സിനിമയിലെ തുടക്കം. ആദ്യ തിരക്കഥ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ നിറക്കൂട്ട്.

രാജാവിന്റെ മകൻ, ന്യൂഡൽഹി, ശ്യാമ, നായർസാബ്, സംഘം, ആകാശദൂത്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി അമ്പതിലേറെ സിനിമകൾക്ക് തിരക്കഥയെഴുതി. സംവിധാനം ചെയ്ത ആദ്യ ചിത്രമായ മനുഅങ്കിൾ 1988-ലെ മികച്ച കുട്ടികൾക്കുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. അപ്പു, അഥർവ്വം, തുടർക്കഥ, അഗ്രജൻ എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. തിരക്കഥയെഴുതിയ ആകാശദൂത് 1993-ലെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടി. ബൻജാര എന്ന ചെറുകഥാ സമാഹാരവും നിറക്കൂട്ടുകളില്ലാതെ എന്ന ഓർമ്മപുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്. സഹോദരങ്ങൾ: നീന ജെയിംസ്, ലിസാ ബേബി തോമസ്.

2021 മേയ് 10ന് അറുപത്തിമൂന്നാം വയസിൽ കോട്ടയത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം.