ccc

മോസ്‌കോ: റഷ്യയിലെ കസാൻ നഗരത്തിലെസ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തു പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ 8 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും ഉൾപ്പെടുന്നു.

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽനിന്ന് 725 കിലോമീറ്റർ അകലെയാണ് കസാൻ.

അക്രമവാർത്ത റഷ്യയുടെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
കസാനിലെ 175ാം നമ്പർസ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തത്.

കൗമാരക്കാരായ രണ്ട് തോക്കുധാരികൾ ചേർന്നാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 19 കാരനായ ഗിൽനാസ് ഗല്യാലിയേവ് എന്ന ഒരാൾ മാത്രമാണ് നിറയൊഴിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

സ്‌കൂൾകെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടികളുടെ നിലവിളിയും വെടിയൊച്ചകളുടെ ശബ്ദവുമടങ്ങിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ, ആക്രമണം നടന്ന സ്കൂൾകെട്ടിടത്തിന്റെ മുകളിൽ നിന്ന് പ്രാണരക്ഷാർഥം ജനൽ വഴി ചാടിയ രണ്ടു കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. റഷ്യയിലെ റ്റാറ്റർസ്ഥാൻ മേഖലയുടെ തലസ്ഥാനമാണ് കസാൻ.

സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയുധ കൈവശാവകാശ നിയമം പുനപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.