സാക്രമെന്റോ: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികളെ സഹായിക്കാൻ സർക്കാർ നൽകുന്ന ഫണ്ട് അടിച്ചുമാറ്റി ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റിൽ. സതേൺ കാലിഫോർണിയയിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ മുസ്തഫ ഖാദിരിയാണ് പിടിയിലായത്.
ഫെഡറൽ കൊവിഡ് ദുരിതാശ്വാസ ഫണ്ടിന്റെ അഞ്ച് മില്യൺ ഡോളർ തന്ത്രപൂർവം കൈക്കലാക്കിയ മുസ്തഫ ഖാദിരി ലംബോർഗിനി ഉൾപ്പടെയുള്ള ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരുന്നു. വാഹന ശേഖരണം കണ്ട് അന്വേഷണ സംഘവും അമ്പരന്നു.
കഴിഞ്ഞ ആഴ്ചയാണ് മുസ്തഫ അറസ്റ്റിലായത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. ഇല്ലാത്ത ബിസിനസ് ഉണ്ടെന്ന് കാണിച്ച് ഫണ്ട് കൈക്കലാക്കുകയും, ആ തുക കൊണ്ട് ആഡംബര ജീവിതം നയിക്കുകയും ചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ വായ്പ അപേക്ഷകൾ ഉണ്ടാക്കി ഇയാൾ മൂന്ന് ബാങ്കുകളിൽ സമർപ്പിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. വായ്പകളിലൊന്ന് മറ്റൊരാളുടെ പേര് വിവരങ്ങൾ ഉപയോഗിച്ചാണ് നേടിയെടുത്തതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇയാളുടെ അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന ബാക്കി 2 മില്യൺ ഡോളറും അധികൃതർ പിടിച്ചെടുത്തു.