ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ രൂപീകരിച്ച നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡിന്റെ (എൻ.എ.ആർ.സി.എൽ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) മലയാളിയും എസ്.ബി.ഐയുടെ സ്‌ട്രെസ്ഡ് അസെറ്റ് (കിട്ടാക്കടം) വിഭാഗം ചീഫ് ജനറൽ മാനേജരുമായ പദ്മകുമാർ മാധവൻ നായരെ കേന്ദ്രസർക്കാർ നിയമിച്ചുവെന്ന് സി.എൻ.ബി.സി., ബ്ളൂംബെർഗ് എന്നിവയുടെ റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും പിന്തുണയോടെ ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനാണ് (ഐ.ബി.എ) എൻ.എ.ആർ.സി.എൽ അഥവാ ബാഡ് ബാങ്കിനെ നിയന്ത്രിക്കുന്നത്.
സി.ഇ.ഒയെ കണ്ടെത്താനുള്ള അഭിമുഖം കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു. തിങ്കളാഴ്‌ച നിയമനം പ്രാബല്യത്തിൽ വന്നു. അതേസമയം, ഇക്കാര്യം ഐ.ബി.എയോ പദ്മകുമാറോ സ്ഥിരീകരിച്ചിട്ടില്ല. ഡെപ്യൂട്ടേഷനിലാണ് നിയമനം. ബാഡ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് രൂപീകരിച്ച്, പിന്നീട് പദ്മകുമാറിന് 'മുഴുവൻ സമയ സി.ഇ.ഒ" അംഗീകാരം നൽകും. ബാഡ് ബാങ്കിന്റെ പ്രവർത്തനഘടന രൂപീകരണം പദ്മകുമാറിന്റെ ചുമതലയായിരിക്കും.
ബാങ്കുകളുടെ കിട്ടാക്കട ബാദ്ധ്യതയാണ് ബാഡ് ബാങ്ക് ഏറ്റെടുക്കുക. റിസർവ് ബാങ്ക് നിഷ്‌കർഷിച്ച 15:85 മാതൃകയിലാരിക്കും പ്രവർത്തനം. റിക്കവറിയിലൂടെ ലഭിക്കുന്ന തുകയുടെ 15 ശതമാനം ബാങ്കുകൾക്ക് പണമായും 85 ശതമാനം സെക്യൂരിറ്റി റെസീറ്റായും നൽകും.