ഗേറ്റ് തുറന്ന് ഒരു പൊലീസുകാരൻ വരുന്നത് കണ്ട് ഭദ്രൻ സാർ ആദ്യം ഒന്നമ്പരന്നു. ജഡ്ജി സാർ വന്നിട്ടുണ്ട്. ഒന്നു കാണണമെന്നു പറഞ്ഞു. കോട്ടും സൂട്ടുമൊക്കെയിട്ട് പുതു നിറത്തിലുള്ള ഒരാൾ പിന്നാലെ നടന്നു വന്നു. എവിടെയോ, എപ്പോഴോ കണ്ണുകൾക്ക് നേർത്ത പരിചയമുള്ള മുഖം. ആ ചിരിയിലുമുണ്ട് ഒരു പരിചിതത്വം. ഭദ്രൻ സാർ ഓർമ്മകളിൽ ഒരു ഒാട്ടപ്രദക്ഷിണം നടത്തി.
കസേരയിൽ ഇരിക്കാൻ പറഞ്ഞെങ്കിലും വന്നയാൾ നിന്നതേയുള്ളൂ. വീണ്ടും നിർബന്ധിച്ചപ്പോൾ വിനയത്തോടെ പറഞ്ഞു: ഇപ്പോഴും ഗുരുവിന്റെ മുന്നിൽ ഇരിക്കാൻ അൽപ്പം പരിഭ്രമമുണ്ട്. ഞാൻ ഒരു പൂർവ വിദ്യാർത്ഥിയാണ്. അടുത്ത സ്ഥലത്ത് ഒരു ഔദ്യോഗിക ചടങ്ങുണ്ടായിരുന്നു. പോരുന്ന വഴിയിൽ ഒന്നു കണ്ടിട്ടുപോകാമെന്ന് കരുതി.
75 പിന്നിട്ടെങ്കിലും ഭദ്രൻ സാർ ആ പഴയ ക്ളാസ് മുറിയിലെ പിന്നിലെ ബെഞ്ചിലെ അനുസരണയുള്ള കുട്ടിയെ ഓർത്തെടുത്തു. പിന്നെ അഭിമാനത്തോടെ ശിഷ്യന്റെ പേരും ചില സ്വഭാവസവിശേഷതകളും പറഞ്ഞു തുടങ്ങി.
നീതിമാൻമാരും സൻമാർഗികളും സത്യസന്ധരുമായ ശിഷ്യൻമാരുടെ ഓർമ്മകളിലുണ്ടാകുക എന്നതാണ് ഒരു അദ്ധ്യാപകന്റെ ബാങ്ക് ബാലൻസ്. പത്രത്തിൽ വിവാദമായ കേസിൽ ന്യായയുക്തമായ ശിക്ഷ വിധിച്ച ജഡ്ജിയെപ്പറ്റി ചിന്തിച്ചിരുന്നു. അഭിമാനം തോന്നിയിരുന്നു. നല്ലതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ, പൂർവവിദ്യാർത്ഥിയാണെന്നോ ഇത്തരത്തിൽ കാണുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അഭിമാനത്തോടെ ഭദ്രൻ സാർ പറഞ്ഞപ്പോൾ ജഡ്ജി നന്നായി ചിരിച്ചു.
മലമടക്കുകളിൽ നിന്ന് ഒരു മടക്കുപോലും പറ്റാതെ നേർരേഖയിൽ വരുന്ന സൂര്യപ്രകാശത്തെപ്പറ്റി സാർ ഒരിക്കൽ സൂചിപ്പിച്ചിരുന്നു. അതു മനസിൽ പറ്റിപ്പിടിച്ചു പോയി. വിധി പ്രഖ്യാപിക്കും മുമ്പ് ഗുരുവചനങ്ങളിലെ ആ പ്രകാശം മനസിൽ പരക്കും മറ്റെല്ലാ സങ്കുചിത ചിന്തകളുടെയും ഇരുട്ട് അപ്പോൾ അകന്നു പോകും. ഈ കേസിൽ വിധിയെഴുതുമ്പോഴും ആ പ്രകാശം കൂടെയുണ്ടായിരുന്നു. ഇരുട്ടിന്റെ ആഴക്കിണറിലേക്ക് പറന്നു പോകുന്ന ഒരു മിന്നാമിനുങ്ങിന്റെ കാഴ്ച. അതും ഒരു സൂര്യോദയം പോലെയാണ്. വിനയപൂർവം ജഡ്ജി പറയുമ്പോൾ ഭദ്രൻ സാർ ആഹ്ളാദത്തോടെ അതിലേറെ രോമാഞ്ചത്തോടെ അതു കേട്ടിരുന്നു.
അദൃശ്യനാണെങ്കിലും ഏറ്റവും വലിയ ന്യായാധിപനാണ് ഈശ്വരൻ. നീതിപൂർവം വിധിയെഴുതുന്നവരും അതിൽ കുറഞ്ഞൊന്നുമില്ല- ഭദ്രൻ സാർ അനുഗ്രഹിക്കും പോലെ പറഞ്ഞു. അതിന് മറുപടിയൊന്നും പറയാതെ ജഡ്ജി പുഞ്ചിരിയോടെ ശിരസ് നമിച്ചു. പിന്നെ പൊലീസുകാരനെ നോക്കി. കയ്യിൽ കരുതിയിരുന്ന കവറിൽ നിന്ന് ഒരു കസവ് നേര്യതെടുത്ത് പൊലീസുകാരൻ ജഡ്ജിക്ക് നൽകി. മലമടക്കുമകളിൽ നിന്ന് വെളിച്ചം തരുന്ന സൂര്യനും ഗുരുമൊഴികൾക്കുമുള്ള സമ്മാനമാണിത്. അഭിമാനം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ഭദ്രൻ സാർ നിൽക്കുമ്പോൾ ജഡ്ജി സ്നേഹപൂർവം ആ കസവ് നേര്യത് അണിയിച്ചു. ഭദ്രൻ സാർ വാക്കുകൾ കിട്ടാതെ വിതുമ്പി.
ഈശ്വരന്റെ തൊട്ടടുത്തെ നിരയിൽ നിൽക്കാൻ യോഗ്യതയുള്ളവരാണ് അദ്ധ്യാപകർ. പലരും അതു തിരിച്ചറിയുന്നില്ലെന്നേയുള്ളൂ- ജഡ്ജിയുടെ വാക്കുകൾ മലമടക്കുകളിൽ നിന്നും വരുന്നതു പോല ഭദ്രൻ സാറിന് തോന്നി.
(ഫോൺ: 9946108220)