റോബോട്ടിക് സർജറികൾ വിജയകരമായി നടത്തിയ ഡോ. മായാദേവി കുറിപ്പിനൊപ്പം...
കേരളത്തിൽ ഗൈനക്കോളജിയിൽ നൂറു സർജറികൾ എന്നു പറയുന്നതു തന്നെ വലിയ അഭിമാനമാണ്. നൂറു സർജറികൾ എന്നു പറയുമ്പോൾ വരച്ചിട്ട വഴിയിലൂടെ മുന്നോട്ടു പോകുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല. കാരണം റോബോട്ടിക് സർജറി പുതിയ സംവിധാനമാണ്. കുറേയാളുകൾക്ക് അറിയാം. എങ്കിലും അറിവുള്ളവരെയും അല്ലാത്തവരെയും ഒരുക്കിയെടുക്കുക എന്നത് നിരന്തരമായി തുടരുന്ന ഒരു പ്രക്രിയയാണ്. 2014 അവസാനമാണ് റോബോട്ടിക്ക് സർജറി ആസ്റ്ററിൽ ചെയ്തു തുടങ്ങിയത്. ആസ്റ്റർ മെഡ്സിറ്റി ചെയർമാനായ ഡോ. ആസാദ് മൂപ്പനോടും സി.ഇ.ഒയായ ഡോ. ഹരീഷ് പിള്ളയോടുമാണ് അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത്. അവരുടെ നിർബന്ധപ്രകാരമാണ് ഞാൻ യു.എസിലേക്ക് പോയതും റോബോട്ടിക്ക് സർജറി പരിശീലിച്ചതെന്നതും ഒരിക്കലും മറക്കാൻ കഴിയില്ല. റോബോട്ടിക്ക് സർജറിയിൽ പ്രത്യേക പരിശീലനം കിട്ടിയ നഴ്സുമാരൊക്കെയുണ്ട്. അങ്ങനെ ഒരു ടീമുള്ളത് വലിയ ഭാഗ്യമാണ്.
ശാന്തിയിലേക്കുള്ള പാതയാണ് എനിക്ക് നൃത്തം. നാലുവയസുമുതൽ നൃത്തം ജീവിതത്തിലുണ്ട്. മികവുറ്റ ഗുരുക്കൻമാരുടെ കീഴിൽ നൃത്തം പരിശീലിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എം.ബി.ബി.എസ് തിരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. മുത്തച്ഛൻ ഒ.എൻ. കൃഷ്ണക്കുറുപ്പ് ആയുർവേദ വൈദ്യനായതു മാത്രമാണ് ചികിത്സയുമായി കുടുംബത്തിനുള്ള പാരമ്പര്യം. എനിക്കും ഏട്ടൻ രാജീവ് ഒ.എൻ.വിക്ക് സ്വന്തം താത്പര്യപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസും ഗൈനക്കോളജിയിൽ എം.ഡിയും പൂർത്തിയാക്കിയത്. ആസ്റ്ററിൽ തന്നെ കൺസൾട്ടന്റ് ന്യൂറോ റേഡിയോളജിസ്റ്റായ ഭർത്താവ് ഡോ. ജയകൃഷ്ണൻ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്. രണ്ടു പെൺകുട്ടികളാണ്, മൂത്തയാൾ അമൃത ജയകൃഷ്ണൻ യു.കെയിൽ എൽ.എൽ.ബിയും എം.ബി.എയും പൂർത്തിയാക്കിയശേഷം അവിടെ ജോലി ചെയ്യുന്നു. നർത്തകി കൂടിയ അമൃത യു.കെയിൽ 'മായാലോക" ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ഭർത്താവ് ഡോ. പ്രണവ് ശൈലേന്ദ്ര, ഇളയ മകൾ സുമിത ജയകൃഷ്ണൻ ബർമിംഗ് ഹാം യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ്.