hyundai

കൊച്ചി: കൊവിഡ് അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങൾക്ക് ലൈഫ് സേവിംഗ് മെഡികെയർ ഓക്‌സിജൻ ഉപകരണങ്ങളുടെ വിതരണം ഉറപ്പാക്കാനായി ഹ്യുണ്ടായ് കെയേഴ്‌സ് 3.0 സംരംഭത്തിന്റെ ഭാഗമായി 'ബാക്ക്-ടു-ലൈഫ്" പദ്ധതിയുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ. ന്യൂഡൽഹി, മഹാരാഷ്‌ട്ര, തമിഴ്നാട്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലെ ആശുപത്രികൾക്കാണ് ഉപകരണങ്ങൾ നൽകുന്നത്.

ഇതുപ്രകാരം 700 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 10 ഹൈ-ഫ്ളോ ഓക്‌സിജൻ പ്ളാന്റുകൾ, 200 ഹൈ-ഫ്ളോ നാസൽ ഓക്‌സിജൻ മെഷീനുകൾ, 225 വെന്റിലേറ്റർ മെഷീനുകൾ എന്നിവയാണ് ആശുപത്രികൾക്ക് കൈമാറുക. കൊവിഡ് പോരാട്ടത്തിനായി പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് ഏഴ് കോടി രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപയും ഹ്യുണ്ടായ് നൽകിയിരുന്നു. നാലുകോടി രൂപയുടെ കൊവിഡ്-19 ടെസ്‌റ്റ് കിറ്റുകളും ലഭ്യമാക്കി. പുറമേ വിവിധ സംസ്ഥാനങ്ങളിൽ പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ, മറ്റ് സുരക്ഷാ കിറ്റുകൾ തുടങ്ങിയവയും ലഭ്യമാക്കി.