കൊല്ലം: അഞ്ചൽ ഏരൂർ പുഞ്ചിരി മുക്കിന് സമീപത്തുനിന്ന് കോടശേഖരവും വാറ്റുപകരണങ്ങളും കണ്ടെത്തിയ സംഭവത്തിൽ യുവാക്കൾ പിടിയിൽ. ഏരൂർവിളയിൽ വീട്ടിൽ ഗരുഡൻ എന്ന ഹരീഷ്(30), വിനോദ് ഭവനിൽ വിനോദ്(35) എന്നിവരെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏരൂർ സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പുഞ്ചിരി മുക്കിന് സമീപം ഒഴിഞ്ഞു കിടക്കുന്ന ഫാമിന് സമീപത്തുനിന്ന് വലിയ വാട്ടർ ടാങ്കിലും ബാരലിലുമായി സൂക്ഷിച്ചിരുന്ന വൻ കോടശേഖരം കണ്ടെത്തി നശിപ്പിയ്ക്കുകയും വാറ്റുപകരണങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരായിരുന്നു ടാങ്കുകൾക്ക് മുകളിൽ. കെട്ടിട നിർമ്മാണ ആവശ്യത്തിനെന്നും പറഞ്ഞ് ഒരാഴ്ച മുമ്പാണ് ടാങ്കുകൾ വാടകയ്ക്ക് എടുത്തത്. മാത്രമല്ല ഒരാഴ്ചയായി പ്രതികൾ ഫാം പരിസരത്ത് വന്ന് പോകാറുള്ളതായി പരിസരവാസികളും അറിയിച്ചിരുന്നു. ഏരൂർ സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്,സബ് ഇൻസ്പെക്ടർ വി.തുളസീധരൻ,ഗ്രേഡ് എസ്.ഐ .കെ.സി.സജു,എ.എസ്.ഐ കിഷോർ,സി.പി.ഒ മാരായ അരുൺ,ആദർശ്, അജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.