കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്ച മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിനിടെയാണ് അജ്ഞാതർ നിയോഗിയെ വെടിവച്ചത്.
ബൻസ്‌ബേരിയ മുനിസിപ്പാലിറ്റിയിലെ വൈസ് ചെയർമാനായിരുന്നു ആദിത്യ നിയോഗി. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലാണ്.
ബി.ജെ.പി തന്നെയാണ് സംഭവത്തിന്റെ പിന്നിലെന്ന് ടി.എം.സി എം.എൽ.എ തപൻ ദാസ്ഗുപ്ത ആരോപിച്ചു. അതേസയം, തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് വെടിവയ്പിന് പിന്നിലെന്ന് ബി.ജെ.പി പ്രതികരിച്ചു.
ബാൻസ്‌ബേരിയ പ്രദേശത്ത് ടി.എം.സി പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.