ഏഴുതവണ വീണാൽ എട്ടുതവണ എഴുന്നേറ്റു നിൽക്കണം എന്ന ജാപ്പനീസ് പഴമൊഴി ജപ്പാൻ ജനതയുടെ സമുറായ് പാരമ്പര്യമുള്ള യുദ്ധവീര്യത്തെയും അതിനുപരി കഠിനമായ പരിശ്രമത്തിനുള്ള, ഒന്നിലും തോറ്റുകൊടുക്കാത്ത, മനസും സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ പൊട്ടിയ ബോംബ് അവരുടെ ജീവനെയും ജീവിതത്തെയുമാണ് എരിച്ചുകളഞ്ഞത്. എന്നാൽ ചിതയിൽ നിന്ന് വർദ്ധിത വീര്യത്തോടെ ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയായി ജപ്പാൻ ലോകശക്തികളിലൊന്നായി വളരെ വേഗം വളർന്നു.
ജപ്പാൻ ജനതയുടെ ആത്മവീര്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഹോണ്ട കമ്പനിയുടെ സ്ഥാപകനായ സൊച്ചിറോ ഹോണ്ട. വളരെ ചെറുപ്പത്തിൽത്തന്നെ മോട്ടോർ വാഹനങ്ങളോടും അവയുടെ ആന്തരിക രഹസ്യങ്ങളോടും പ്രത്യേക കമ്പമുണ്ടായിരുന്ന ഹോണ്ട, ഇടയ്ക്കിടെ തന്റെ അച്ഛന്റെ സൈക്കിൾ റിപ്പയർ ഷോപ്പി ൽ അദ്ദേഹത്തെ സഹായിക്കാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഹോണ്ട ഒരു മോട്ടോർ വർക്ക് ഷോപ്പിൽ അപ്രസന്റീസായി ചേർന്നു. അന്ന് ഹോണ്ടയ്ക്ക് പതിനഞ്ചുവയസാർണ് പ്രായം.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാറിന്റെ പിസ്റ്റൺ റിംഗ് രൂപകൽപ്പന ചെയ്യുന്നതിൽ അയാൾക്ക് താത്പര്യമുണ്ടായി. അങ്ങനെ അപ്രന്റീസ്ഷിപ്പ് ഉപേക്ഷിച്ച് സ്വന്തമായുള്ളതെല്ലാം വിറ്റ് പിസ്റ്റൺ റിംഗ് നിർമ്മിക്കുന്ന ഒരു കമ്പനി തുടങ്ങി. അങ്ങനെയിരിക്കെ ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായി സഹകരിച്ച് ഈ പിസ്റ്റൺ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ കൊള്ളാമെന്ന് ഹോണ്ടയ്ക്ക് തോന്നി. താൻ രൂപകൽപ്പന നടത്തിയ പിസ്റ്റണുമായി ഹോണ്ട ടൊയോട്ട മാനേജ്മെന്റിനെ സമീപിച്ചു. അവർ അദ്ദേഹം കൊണ്ടുപോയ ഡിസൈനുകളെല്ലാം നിരാകരിച്ചു. ചിലർ അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. അദ്ദേഹം പുതിയ ചില ഡിസൈനുകളുമായി ടൊയോട്ടയിൽ വീണ്ടുമെത്തി. മൂന്നുലക്ഷം രൂപകൽപ്പനകളിൽ വെറും മൂന്നെണ്ണം മാത്രമാണ് അവർ തിരഞ്ഞെടുത്തത്. പിസ്റ്റൺ ഉത്പാദിപ്പിക്കാനായി ഒരു ഫാക്ടറി നിർമ്മിച്ചു തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഭൂകമ്പം ആ ഫാക്ടറി തകർത്തു കളഞ്ഞു. വളരെ കഷ്ടപ്പെട്ട് ആ ഫാക്ടറി പുനർനിർമ്മിക്കാൻ തുടങ്ങിയപ്പോൾ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികൾക്ക് ക്ഷാമം നേരിട്ടു. എങ്കിലും വളരെ ബുദ്ധിമുട്ടി സാമഗ്രികൾ സംഘടിപ്പിച്ച് ഫാക്ടറി ഒരു വിധത്തിൽ പൂർത്തിയായി. നിർഭാഗ്യം അദ്ദേഹത്തെ പിന്തുടരുകയായിരുന്നു. യുദ്ധകാലത്തെ ബോംബ് വീണ് ആ ഫാക്ടറി തകർന്നു തരിപ്പണമായി. ആരും തളർന്നുപോകുന്ന ഈ ഘട്ടത്തിലും ഹോണ്ട തളർന്നില്ല. വിമാനത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട ഇന്ധനടാങ്കുകൾ ചേർത്തുവച്ച് അദ്ദേഹം വീണ്ടും ആ ഫാക്ടറി കെട്ടിയുയർത്തി.
യുദ്ധം കഴിയാറായപ്പോഴേക്കും ഹോണ്ട തന്റെ ഫാക്ടറിയുടെ നിർമ്മാണവും പൂർത്തിയാക്കി. പക്ഷേ ജപ്പാനേറ്റ പരാജയം അവിടെ സാമ്പത്തികമാന്ദ്യവും രൂക്ഷമായ പ്രശ്നങ്ങളും സൃഷ്ടിച്ചു. കാറുകൾ വിൽക്കപ്പെടാത്ത ചരക്കായി. ഇന്ധനം കിട്ടാനില്ലെന്നായി. എല്ലാവരും കിട്ടിയ വിലയ്ക്ക് കാറുകൾ വിറ്റു. ഉത്പാദനം നിറുത്തിവച്ചു. കാറിന് ആവശ്യക്കാരില്ലാതെയായി. കാറിന്റെ പിസ്റ്റൺ നിർമ്മിക്കാൻ തുടങ്ങിയ ഹോണ്ടയ്ക്ക് അത് വലിയ ആഘാതമായിരുന്നു.
അദ്ദേഹം കടക്കെണിയിൽപെട്ടു നട്ടം തിരിഞ്ഞു. ഒരു വിധത്തിൽ ഫാക്ടറി ഉൾപ്പെടെ സ്ഥാവരജംഗമവസ്തുക്കൾ ഒക്കെ വിറ്റ് കടം വീട്ടി. ഇത്രയുമൊക്കെ ആയിട്ടും അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടില്ല. ഒരു പ്രയാസവും വലുതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.
പെട്ടെന്ന് ഒരാശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചു. സൈക്കിളുകളിൽ എൻജിൻ ഘടിപ്പിച്ചാൽ അത് മോട്ടോർ സൈക്കിളാവുമല്ലോ? പെട്ടെന്നു തന്നെ ആ പ്രൊജക്ട് അദ്ദേഹം പ്രാവർത്തികമാക്കി. സഹപ്രവർത്തകരിൽ ചിലർ ഈ മോട്ടോർ സൈക്കിൾ വാങ്ങുകയും ചെയ്തു. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനുള്ള മൂലധനം ഹോണ്ടയ്ക്ക് ഇല്ലായിരുന്നു.
അദ്ദേഹം 8000 സൈക്കിൾ ഡീലർമാരുടെ ലിസ്റ്റ് തയ്യാറാക്കി. അതിൽ 5000 പേർക്ക് തന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ചും അതു നിർമ്മിക്കാനാവശ്യമായ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ടും കത്തെഴുതി. ഇവരിൽ 1800 പേർ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. പക്ഷേ ആദ്യഘട്ടത്തിൽ നിർമ്മിച്ചവയൊക്കെ പരാജയമായിരുന്നു. അതിൽ നിന്നും പാഠം ഉൾക്കൊണ്ട് അദ്ദേഹം വീണ്ടും 50 സി.സി ബൈക്കുകൾ നിർമ്മിച്ചു. സൂപ്പർ കബ് എന്നറിയപ്പെട്ട ആ മോട്ടോർസൈക്കിൾ വലിയ ഹിറ്റ് ആയി. പിന്നീട് ഹോണ്ടയ്ക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തോൽവി എന്തെന്ന് അറിഞ്ഞിട്ടുമില്ല. മോട്ടോർ സൈക്കിൾ കമ്പനി കാർ കമ്പനിയായി വളർന്നു പന്തലിച്ചു. ഇന്ന് വിവിധ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിൽപ്പരം പേർ ജോലി ചെയ്യുന്ന ഈ കമ്പനി ബസും കാറും വിമാനവുമൊക്കെ നിർമ്മിക്കുന്ന ഭീമൻ കമ്പനിയായി മാറിക്കഴിഞ്ഞു. നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റയും ശുഭാപ്തിവിശ്വാസത്തിന്റെയും എക്കാലത്തെയും വലിയ മാതൃകയാണ് ഹോണ്ട!