chotta-rajan


ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ഇയാളെ തിരികെ തിഹാർ ജയിലിലേക്ക് എത്തിക്കും. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്ന് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്. പരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഛോട്ടാ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കൊവിഡ് രോഗം വന്നത്. ഇതിനെ തുടർന്ന് രാജൻ രോഗം മൂലം മരിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതര്‍ തന്നെ രംഗത്ത് വന്നു.

രാജന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമായിരുന്നു എയിംസ് അധികൃതര്‍ വ്യക്തമാക്കിയത്. 70 ക്രിമിനല്‍ കേസുകളില്‍ പ്രതിയായായിട്ടുള്ള ആളാണ് ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിട്ടുള്ളത്.