ഇടുക്കി: ഇസ്രായേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ ഇടുക്കി സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ. ഭാര്യയുടെ മരണം നേരിൽ കണ്ട നടുക്കത്തിലാണ് സന്തോഷ് ഇപ്പോഴും.
നിരന്തരം വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്നും,തന്റെ ജീവൻ അപകടത്തിലാണെന്നും സന്തോഷിനോട് സൗമ്യ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഫോൺ പെട്ടെന്ന് ഡിസ്‌കണക്ടായി. തിരിച്ചുവിളിച്ചപ്പോൾ കിട്ടിയില്ല. ഉടൻ സമീപത്തുള്ള ബന്ധുവിനെ വിളിച്ചപ്പോഴാണ് വിവരമറിയുന്നതെന്ന് സന്തോഷിന്റെ സഹോദരൻ പറഞ്ഞു.
ഇന്നലെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ഹമാസിന്റെ നേതൃത്വം നൽകുന്ന ഗാസ മുനമ്പിലെ പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടയിലാണ് സൗമ്യ താമസിക്കുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിച്ചത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി സൗമ്യ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്.അഷ്കലോണിലെ ഒരു വീട്ടിൽ വൃദ്ധയെ പരിചരിച്ചുവരികയായിരുന്നു. ഇവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുവതിയുടെ മൃതദേഹം നിലവിൽ അഷ്‌ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. സൗമ്യ- സന്തോഷ് ദമ്പതികൾക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്.