ദൃശ്യം2 വന്നതിന്റെ പേരിൽ ഇനിയെന്താകും ഭാവിയെന്ന് വ്യാകുലപ്പെട്ട് സംവിധായകനും ഫോട്ടോഗ്രാഫറുമായ ഭർത്താവ് അനീഷ് ഉപാസനയെ ഉപേക്ഷിക്കുന്ന അഞ്ജലിനായർ. ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ ദൃശ്യം 2 കത്തിക്കയറിയപ്പോൾ ഓൺ ലൈൻ മീഡിയകൾ ആഘോഷിച്ച ഒരു വാർത്തയുടെ തലവാചകമാണ് മുകളിൽ ചേർത്തത്. 2011 ൽ അഞ്ജലി അനീഷുമായി പിരിഞ്ഞുവെന്നായിരുന്നു മറ്റൊരു ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത. ഫോൺ നമ്പർ തപ്പിയെടുത്ത് അഞ്ജലിനായർ അവരെ വിളിച്ചു: 'രണ്ടായിരത്തിപതിനൊന്നിൽ പിരിഞ്ഞവർക്കെങ്ങനെയാ പന്ത്രണ്ടിൽ കുഞ്ഞുണ്ടാവണേ 'യെന്ന അഞ്ജലിയുടെ ചോദ്യത്തിന് ഓൺലൈൻകാർക്ക് ഉത്തരമൊന്നുമുണ്ടായിരുന്നില്ല. വാർത്ത കൈയോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 2012 ഏപ്രിലിൽ പിരിഞ്ഞവരാണ് ഞങ്ങൾ. ദൃശ്യം 2 വന്നതിന് ശേഷം എന്ത് മാറ്റമാണുണ്ടായതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് തന്നെയാണ് മാറ്റം. നാലുപേർ അറിഞ്ഞ് തുടങ്ങിയപ്പോൾ നാല്പത് പേർ പിന്നാലെ വന്നു, നാനൂറുപേർ വലിച്ച് കീറാൻ തുടങ്ങി. കഴിഞ്ഞ കുറേ വർഷമായി ഒരു പത്രവാർത്തയും ഞങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് വന്നിട്ടില്ല. ഇപ്പോൾ ദൃശ്യം2 ൽ വക്കീൽ വേഷം അവതരിപ്പിച്ച ശാന്തിപ്രിയയും ഞാനുമൊക്കെ പ്രശസ്തരായി. അപ്പോളെല്ലാവർക്കും ഇതൊരു വാർത്തയാക്കാനുള്ള താത്പര്യമായി. ശാന്തി തന്നെയാണ് ഞങ്ങളുടെ വിവാഹമോചനക്കേസ് കൈകാര്യം ചെയ്യുന്നത്. രണ്ടുപേരും ഒരേ സമയത്തെത്തണ്ടേ. ഒന്നുകിൽ ഞാൻ ഷൂട്ടിലായിരിക്കും. അല്ലെങ്കിൽ പുള്ളി വർക്കിലായിരിക്കും. ഞങ്ങൾ അത് ലാഘവത്തോടെയേ കണ്ടിട്ടുള്ളൂ. വിവാഹമോചനം കിട്ടുമ്പോൾ കിട്ടിയാൽ മതി, അത്യാവശ്യമൊന്നുമില്ലല്ലോയെന്ന മട്ട്.
മകൾ ആരുടെ കൂടെയാണ്?
ആവണിമോൾ എന്റെ കൂടെയാണ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തിരക്കില്ലെങ്കിൽ അനീഷ് വന്ന് കാണും. അവർ ഏതെങ്കിലും മാളിൽ കറങ്ങാൻ പോകും. അവൾക്ക് കഴിക്കാൻ പുള്ളി എന്തെങ്കിലും വാങ്ങിക്കൊടുക്കും. പിന്നെ തിരിച്ച് എന്റെ വീട്ടിൽ കൊണ്ടാക്കും. എത്രയോ കാലമായി നടക്കുന്ന കാര്യമാണത്. മോൾക്കും അത് ശീലമായി. എന്നെക്കുറിച്ച്: എന്തെങ്കിലുമറിയണമെങ്കിലോ വാർത്ത അറിയണമെങ്കിലോ എന്നെ വിളിച്ച് ചോദിക്കാമല്ലോ! ഏതോ ഒരു ഷോർട്ട് ഫിലിമിനുവേണ്ടി നാടകനടനായ കണ്ണൻ നായർക്കൊപ്പം ഞാൻ വിവാഹ വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോയുണ്ട്. ഒരു സീനിൽ ചുവരിൽ വയ്ക്കാനായി ഷൂട്ടിംഗിനിടയിലെടുത്ത കപ്പിൾ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരിൽ ചില യൂ ട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചു. പെന്റാമേനകയിൽ മൊബൈൽ ഫോൺ നന്നാക്കുന്ന സക്കീർ എന്ന ഒരു ഇക്കയുണ്ട്. ആ ഇക്കയുടെ കൂടെ നിൽക്കുന്ന ഫോട്ടോ എന്റെ ഇരട്ട സഹോദരൻ അജയ് ആണെന്ന പേരിലും ചിലർ പ്രചരിപ്പിച്ചു. അങ്ങനെ പ്രചരിപ്പിച്ച യൂ ട്യൂബ് ചാനലുകാരുടെ ഫോൺ നമ്പരൊക്കെ വളരെ കഷ്ടപ്പെട്ട് ഞാൻ സംഘടിപ്പിച്ചു. അവർ എന്നോട് ക്ഷമ പറഞ്ഞു. പിന്നീട് അവർ എനിക്ക് കുറേ ചോദ്യങ്ങളയച്ചു തന്നു. ഞാനതിനുള്ള ഉത്തരങ്ങൾ ഒരു സെൽഫി വീഡിയോപോലെ എടുത്തയച്ചു. പിന്നീട് അത് അവർ അപ്ലോഡ് ചെയ്തു. ഒരു സദ്യയിൽ നിന്ന് ഒഴിച്ച് കൂടാൻ പറ്റാത്തതെന്തോ അതാണ് അച്ചാർ. അഞ്ജലി നായരെ അറിയുന്നവരും അറിയാത്തവരും കളിയാക്കി വിളിക്കുന്ന പേര്. 'ഒരു വിധം എല്ലാ സിനിമയിലുമുള്ളത് കൊണ്ടാകാം പലരും എന്നെ അച്ചാറെന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല ഞാൻ എല്ലാറ്റിലുമുണ്ടെന്ന്. കാരണം എന്റെ ഒരഞ്ച് സിനിമ എടുത്ത് പറയാൻ ഒരു പ്രേക്ഷകനോട് അല്ലെങ്കിൽ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാൽ അഞ്ച് സിനിമകളുടെ പേര് പറയാൻ അവർ ഒരു പക്ഷേ പത്തുമിനിട്ട് ആലോചിച്ചെന്ന് വരും. എല്ലാ സിനിമകളിലും ഞാനുണ്ട് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇതുവരെ ഞാൻ നൂറ്റിഇരുപത്തിയേഴ് സിനിമകൾ ചെയ്തിട്ടും അതിൽ നിന്ന് ഒരഞ്ച് സിനിമ പെട്ടെന്ന് ഓർമ്മിച്ച് പറയാൻ പറ്റാത്തത് എന്റെ തോൽവിയാണ്.' അഞ്ജലി നായർ പറയുന്നു.
അമ്മയായ ശേഷമാണല്ലോ സിനിമയിൽ സജീവമായത്?
2009 ലും 2011 ലും ഞാൻ സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ 2012 മുതലാണ് എന്റെ കരിയർ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് മുൻപ് തമിഴിൽ മൂന്നും മലയാളത്തിൽ മൂന്നും അങ്ങനെ ആറ് സിനിമകളേ ഞാൻ ചെയ്തിട്ടുള്ളൂ. മോളുണ്ടായ ശേഷമാണ് കൂടുതൽ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്. മോളുടെ പ്രായം വച്ച് കണക്കാക്കിയാൽ ഒൻപത് വർഷം. ഒരുവർഷം ശരാശരി നൂറ് സിനിമകൾ റിലീസായെന്ന് കൂട്ടിയാൽത്തന്നെ ഒൻപത് വർഷംകൊണ്ട് തൊള്ളായിരം സിനിമകൾ. ഒൻപത് വർഷത്തിനിടയ്ക്ക് ആദ്യം പറഞ്ഞ ആറ് സിനിമകൾ കൂട്ടാതെ നൂറ്റി ഇരുപത്തിയൊന്നു സിനിമകളേ ഞാൻ ചെയ്തിട്ടുള്ളൂ. അതിൽത്തന്നെ പലതും റിലീസായിട്ടില്ല. ചിലത് റിലീസിന് കാത്തിരിക്കുന്നു ചിലത് തിയേറ്റർ കണ്ടിട്ടില്ലാത്ത ഒ.ടി.ടി സിനിമകൾ...
ഒരിക്കലും ഷാഡോ പൊലീസാണെന്ന് പ്രേക്ഷകൻ സംശയിക്കാത്തയാൾ
എന്ന നിലയ്ക്കായിരിക്കുമോ ദൃശ്യം 2 ൽ ജിത്തുജോസഫ് കാസ്റ്റ് ചെയ്തത്?
ജിത്തു സാറിന്റെ റാമിലും ഞാൻ അഭിനയിക്കുന്നുണ്ട്. റാമിൽ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് മറ്റേതെങ്കിലും സിനിമയിലേക്ക് തന്നെ വിളിക്കണമെന്ന് വിചാരിച്ചിരുന്നുവെന്ന് ജിത്തുസാർ പറഞ്ഞിരുന്നു. അതൊരു ഘടകം. റാം ഷെഡ്യൂളായപ്പോൾ തൊട്ടടുത്തു ചെയ്യുന്ന ദൃശ്യം 2 ൽ ഓർക്കാനും വിളിക്കാനുമിടയായത് ഒരു നിമിത്തമാണ്. കുറേകൂടി ഫെമിലിയറായ ഒരാർട്ടിസ്റ്റിനെയാണ് ദൃശ്യം 2 ൽ എനിക്ക് പകരം കാസ്റ്റ് ചെയ്തിരുന്നതെങ്കിൽ ഇതൊരു ആവശ്യമില്ലാത്ത കാസ്റ്റിംഗ് ആണ്. എന്തോ ഉണ്ടെന്ന് പ്രേക്ഷകരിൽ ചിലർ സംശയിച്ചേക്കാം. ഞാൻ ചെയ്യുമ്പോൾ ആർക്കും ആ സംശയമുണ്ടാകില്ലെന്ന് ജിത്തുസാർ നൂറ് ശതമാനം വിശ്വസിച്ചു.
ഷാഡോ പൊലീസാണെന്ന് പ്രേക്ഷകൻ മനസിലാക്കിയ
ശേഷമുള്ള ശരീരഭാഷയിൽ പോലും മാറ്റമുണ്ടായിരുന്നല്ലോ?
മുരളിഗോപിയെപ്പോലെ വലിയ ഒരു നടൻ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ ആ ഒരു റിഫ്ളക്ഷനിൽ നിന്ന് ആ ഒരു വൈബോടുകൂടി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വളരെ കുറച്ച് അഭിനേതാക്കൾ മാത്രമേ ഫ്രെയിമിലുണ്ടായിരുന്നുള്ളൂ. അപ്പോൾ ഏറ്റവും നന്നായി ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. ദൃശ്യം 2 ന് ശേഷം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും മാറ്റം വരുത്തുമോ? ദൃശ്യം 2 വന്നതുകൊണ്ട് എന്റെ ജീവിത സാഹചര്യങ്ങൾ മാറുന്നില്ലല്ലോ. അഭിനേത്രിയെന്ന നിലയ്ക്ക് ചിലപ്പോൾ നേട്ടമുണ്ടായേക്കാം. ഇനി മികച്ച കഥാപാത്രങ്ങൾ തേടി വന്നേക്കാം. പക്ഷേ ജീവിതത്തിലെ കാര്യങ്ങൾ നടന്ന് പോണമെന്നുണ്ടെങ്കിൽ എപ്പോഴത്തെയും പോലെ കഥാപാത്രങ്ങൾ വന്നുകൊണ്ടിരിക്കണം. നല്ലത് വന്നാൽ അത് ദൃശ്യം 2 കാരണം തന്നെയാണ്. നല്ലതല്ലെങ്കിലും എനിക്കത് ചെയ്തേ പറ്റൂ. അത് നിലനില്പിനാവശ്യമാണ്.