mukesh-khanna

മുംബയ്: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ മരണമടഞ്ഞെന്ന സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി ചലച്ചിത്ര താരം മുകേഷ് ഖന്ന. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കേൾക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ഫേസ്‌ബുക്കിൽ വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചു.

മരണവിവരമറിഞ്ഞ് കാര്യമറിയാൻ തന്നെ ഫോണിലും മ‌റ്റും ബന്ധപ്പെട്ട് അന്വേഷിച്ചവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. 'ഇപ്പോൾ ഞാനെത്തിയിരിക്കുന്നത് എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറയാനാണ്. എന്നെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള‌ളിക്കളയണം. ഞാൻ പൂർണമായും ആരോഗ്യവാനാണ്. നിങ്ങളുടെ ആശങ്കകൾക്ക് നന്ദി. എനിക്ക് കൊവിഡ് ബാധിച്ചിട്ടൊന്നുമില്ല,ആശുപത്രിയിൽ അഡ്‌മി‌റ്റല്ല.' ഫേസ്‌ബുക്കിലെ വീഡിയോയിൽ മുകേഷ് ഖന്ന അറിയിച്ചു.

പ്രസിദ്ധമായ 'മഹാഭാരതം' സീരിയലിൽ ഭീഷ്‌മരെ അവതരിപ്പിച്ചത് മുകേഷ് ഖന്നയായിരുന്നു. പിന്നീട് മുകേഷ് ഖന്നയുടെ പ്രശസ്‌തമായ വേഷം അതിമാനുഷ കഥാപാത്രമായ 'ശക്തിമാൻ' ആയിരുന്നു. കുട്ടികളുടെ ഈ സീരിയലിലെ ശക്തിമാനായുള‌ള അഭിനയം മുകേഷ് ഖന്നയ്‌ക്ക് വളരെയധികം പ്രശസ്‌തി നേടിക്കൊടുത്തു. മലയാളത്തിൽ 'രാജാധിരാജ' എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലുൾപ്പടെ മുകേഷ് ഖന്ന അഭിനയിച്ചിട്ടുണ്ട്.