padmanabha-swamy-temple-

ബി നിലവറ തുറന്നാൽ ലോകാവസാനാമോ? ഭയപ്പെടുത്തുന്നതും ആശങ്ക പരത്തുന്നതുമായ ഇത്തരത്തിലുള്ള നിരവധി വീഡിയോകളും, കുറിപ്പുകളുമാവും പദ്മനാഭ സ്വാമി ക്ഷേത്രത്തെ കുറിച്ച് നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കുക. എന്നാൽ അടുത്ത കാലത്തായി ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്, തലസ്ഥാനത്തിന്റെ തിലകക്കുറിയായ പദ്മനാഭ സ്വാമി ക്ഷേത്രത്തേയും അതുവഴി അനന്തപുരിയെയും, തിരുവിതാംകൂർ രാജവംശത്തെക്കുറിച്ചും ഇതുവരെ ആർക്കും അറിയാതിരുന്ന വസ്തുതകളെ കുറിച്ച് വെളിച്ചം വീശുന്ന വീഡിയോകൾ തയ്യാറാക്കുന്ന ഒരു ചെറു സംഘത്തെയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ' ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്നുമാണ് അറിവുപകരുന്ന ചെറു വീഡിയോകൾ ഒന്നിനു പുറകേ ഒന്നായി ശ്രദ്ധ നേടുന്നത്. അരലക്ഷത്തിനു മുകളിൽ അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ അമരക്കാരനായ അശ്വിൻ സുരേഷ് പിന്നിട്ട വഴികളെ കുറിച്ച് സംസാരിക്കുന്നു.

fb-group-

ഗ്രൂപ്പിന്റെ തുടക്കം

തലസ്ഥാനത്തിന്റെ അടയാളമായ പദ്മനാഭ സ്വാമി ക്ഷേത്രത്തെ പഠനാവശ്യത്തിന് വേണ്ടിയാണ് അശ്വിൻ ആദ്യമായി തിരഞ്ഞെടുക്കുന്നത്. ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് പഠിച്ചിരുന്നപ്പോൾ ഫൈനൽ ഇയറിലേക്കുള്ള പ്രോജക്ടിന് വേണ്ടി 2019ലായിയിരുന്നു അത്. പ്രോജക്ട് ചെയ്യാനുദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് ചെറുകുറിപ്പുമായി ഡിപ്പാർട്ട്‌മെന്റ് തലവനെ കാണുവാനായിരുന്നു നിർദ്ദേശം. സഹപാഠികൾ ചെന്നൈ നഗരത്തെ സംബന്ധിച്ച വിഷയങ്ങളിലേക്ക് തിരിഞ്ഞപ്പോൾ, അശ്വിന്റെ മനസിൽ പദ്മനാഭ സ്വാമി ക്ഷേത്രമാണ് തെളിഞ്ഞത്. 22 വയസിനിടയിൽ ഒരിക്കൽ പോലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നില്ലെങ്കിലും ഈ വിഷയം മനസിൽ തോന്നിപ്പിച്ചത് പിന്നീട് ചെയ്ത് തീർക്കാനുള്ള പ്രവർത്തികളുടെ നിയോഗം പോലെയായിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രമാണ് പ്രോജക്ടിന്റെ വിഷയമെന്ന് കേട്ട മാത്രയിൽ ഡിപ്പാർട്ട്‌മെന്റ് ഹെഡ് സമ്മതം മൂളുകയായിരുന്നു. അരമണിക്കൂർ ദൈർഘ്യമുളള പദ്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇംഗ്ലീഷിലാണ് തയ്യാറാക്കിയത്. ഒരു നഗരത്തിന്റെ കഥപറയാൻ അശ്വിനെ പ്രേരിപ്പിച്ചത് ഈ ഡോക്യുമെന്ററിയ്ക്കായി ചെലവാക്കിയ പ്രയത്നമായിരുന്നു.

സ്യാനന്ദൂരകഥകളുടെ സുഗന്ധം

അനന്തപുരിയുടെ ചരിത്രം തേടിപ്പോയാൽ പഴമക്കാരുടെ മനസിൽ തിരുവനന്തപുരത്തെ സ്യാനന്ദൂരമെന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ സ്യാനന്ദൂര കഥകൾ എന്നപേരിൽ പത്തുമിനിട്ട് വീതം ദൈർഘ്യമുള്ള വീഡിയോകൾ നിർമ്മിക്കുവാനാണ് അശ്വിൻ പദ്ധതിയിട്ടത്. ഇതിന് മുന്നോടിയായിട്ടാണ് പദ്മനാഭസ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. അശ്വിനെ കൂടാതെ സഹോദരനായ അർജുനും ഇതിൽ പങ്കാളിയായി. മൂന്നംഗ സംഘമാണ് അഡ്മിൻ പാനലിൽ ഉണ്ടായിരുന്നത്. 2020 ഫെബ്രുവരി മാസത്തിലായിരുന്നു തുടക്കം.

members

ലോക്ക്ഡൗണിൽ ഗ്രൂപ്പ് വളർന്നു

ലോകം വീടിനുള്ളിലായ ലോക്ക്ഡൗൺകാലത്ത് അശ്വിന്റെയും കൂട്ടരുടെയും ഗ്രൂപ്പിന് ശുക്രദശയായിരുന്നു. തലസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ അറിവുകൾ ഗ്രൂപ്പ് അംഗങ്ങൾ പങ്കുവയ്ക്കാൻ ആരംഭിച്ചതോടെ തിരുവനന്തപുരം വികാരമായി മനസിൽ കൊണ്ടുനടന്ന പതിനായിരങ്ങൾ നഗരത്തിന്റെ കഥ കേൾക്കുവാനും പറയുവാനുമായി ഒത്തുകൂടി. ചുരുങ്ങിയ നാൾ കൊണ്ട് ' ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ' ഫേസ്ബുക്കിൽ തിരുവനന്തപുരം നഗരത്തിന്റെ കണ്ണും കാതുമായി വളരുകയായിരുന്നു.

logo

കൊട്ടാരത്തിന്റെയും മനംകവർന്നു

അധികാരത്തിന്റെ താക്കോൽ ജനാധിപത്യത്തിന് നൽകിയ കാലം മുതൽ തിരുവിതാംകൂർ കൊട്ടാരം പ്രതിനിധികളുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വിവിധ രാജകൊട്ടാരത്തിലെ പ്രതിനിധികളും ജനാധിപത്യത്തിലൂടെ അധികാരം തുടർന്നപ്പോഴും, സാമ്പത്തികമായി ലാഭമുണ്ടാക്കാമായിരുന്ന നിരവധി സ്ഥാപനങ്ങൾ കൈവശം വയ്ക്കാതെ നാടിന് വിട്ടുകൊടുത്ത പാരമ്പര്യമാണ് തിരുവിതാംകൂർ രാജവംശത്തിനുളളത്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും രാജഭരണത്തിനെ നേരിട്ട് അറിയാൻ കഴിയാതിരുന്നിട്ടും, യുവതലമുറയടക്കം ബഹുമാനപൂർവം കൊട്ടാരത്തിലെ അംഗങ്ങളെ ഹൃദയത്തിൽ ചേർക്കുന്നത്.

പദ്മനാഭസ്വാമി ക്ഷേത്രത്തിനെ കുറിച്ചുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം അതിന്റെ തുടക്കകാലം മുതൽക്കേ കവടിയാർ കൊട്ടാരത്തിലുള്ളവരുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുന്നതിനായിട്ടാണ് ആദ്യമായി അശ്വിനും കൂട്ടരും കൊട്ടാരത്തിൽ എത്തിയത്. ഇതിനുള്ള വഴിയൊരുക്കിയതാകട്ടെ അശ്വിന്റെ കുടുംബ സുഹൃത്ത് കൂടിയായ മോഹൻ നായരായിരുന്നു. അവിട്ടം തിരുനാൾ ആദിത്യവർമ്മയാണ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്തത്. കൊട്ടാരത്തിന്റെ സൗത്ത് ബ്‌ളോക്കിൽ വച്ചുള്ള ചടങ്ങിന് ശേഷം ഈ കൂട്ടായ്മയുടെ പ്രവർത്തനത്തിൽ അദ്ദേഹം സജീവമായി പങ്കെടുക്കുന്നുമുണ്ട്.

ബി നിലവറയിൽ ഒതുങ്ങില്ല പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിഗൂഢതകൾ

പദ്മനാഭ സ്വാമിക്ഷേത്രത്തിനെ കുറിച്ച്, കേരളത്തിന് പുറത്തുള്ളവർക്ക് ആദ്യം തിരക്കാനുള്ളത് ഒരു പക്ഷേ ബി നിലവറയെ കുറിച്ചോ, അവിടത്തെ അമൂല്യ നിധിയെ കുറിച്ചോ ആയിരിക്കും. എന്നാൽ ക്ഷേത്രസംബന്ധിയായ വിവരങ്ങൾ ഒന്നൊന്നായി മനസിലാക്കിയപ്പോൾ ബി നിലവറയെക്കാളും വലിയ അദ്ഭുതങ്ങൾ അവിടെ ഒളിഞ്ഞിരിപ്പുണ്ടെന്ന വസ്തുതയാണ് പുറത്ത് വരുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ള നിരവധി പേരെയാണ് അശ്വിനും കൂട്ടരും ഇന്റർവ്യൂ ചെയ്തത്. ഇപ്പോഴും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നൂറിലൊരു അംശം മാത്രമാണ് ഇവർക്ക് പുറംലോകത്തെ അറിയിക്കാനായത്. അതിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകുന്ന മഞ്ഞ ചന്ദനത്തിന്റെ രഹസ്യത്തെക്കുറിച്ചും, ആറാട്ടിനെകുറിച്ചുമുള്ള വീഡിയോ ഏറെ ജനശ്രദ്ധനേടി.

സംശയദൂരീകരണത്തിന് വിദഗ്ദ്ധസഹായം

പദ്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് ബി നിലവറയിലേതുൾപ്പടെ നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. കാഴ്ചക്കാരുടെ എണ്ണമെടുത്താൽ വസ്തുതകൾക്കും മേലെയാണ് ഇതിലെ പലകെട്ടുകഥകളുടേയും സ്ഥാനം. എങ്കിലും ഈ ഫേസ്ബുക്ക് കൂട്ടായ്മ യാഥാർത്ഥ്യത്തിന്റെ വഴി തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്. ഇതിനായി സഹായിക്കുന്ന ഒരു സംഘം തന്നെ ഇവർക്കൊപ്പമുണ്ട്. ഇതിൽ പ്രധാനികൾ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസറായ നളിൻ ഗണേശ്, പ്രതാപ് കിഴക്കേമഠം, അശ്വിൻ സലിജ ശ്രീകുമാർ, ഗോപൻ ശാസ്തമംഗലം, മോഹൻ നായർ, തുടങ്ങിയവരാണ്. ഇനി ഇവർക്കാർക്കും തീർക്കാനാവാത്ത സംശയമുണ്ടെങ്കിൽ കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ തമ്പുരാട്ടിയും, അശ്വതി തിരുനാൾ തമ്പുരാട്ടിയുമാവും അവസാന വാക്ക്. ഇതുതന്നെയാണ് പദ്മനാഭസ്വാമിയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേജുകളുണ്ടെങ്കിലും അവയ്ക്ക് ലഭിക്കാത്ത സ്വീകാര്യത ഈ ഗ്രൂപ്പിന് സ്വന്തമാക്കാനായതിന്റെ പിന്നിലെ രഹസ്യവും.

മലയാളത്തിലാണ് ഇപ്പോൾ വീഡിയോ തയ്യാറാക്കുന്നതെങ്കിലും ഇംഗ്ലീഷിൽ സബ് ടൈറ്റിൽ കൊടുക്കാറുണ്ട്. ഗോകുൽ സാഗാസ് ആണ് വീഡിയോകൾക്കായി ക്യാമറ ചലിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധിപേരെ അറിവ് പകരുന്ന വീഡിയോകളിലൂടെ ക്ഷേത്രത്തിലേക്ക് ആകർഷിക്കും എന്നത് ഉറപ്പാണ്. പദ്മാനാഭ സ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക ഗ്രൂപ്പല്ലെങ്കിലും ഇപ്പോഴുള്ള ജീവനക്കാരെല്ലാവരും പൂർണമനസോടെ അശ്വിനും കൂട്ടുരുമായി സഹകരിക്കുന്നുമുണ്ട്.