usha

​​​​ഇന്‍ഡോര്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിചിത്രവാദവുമായി മദ്ധ്യപ്രദേശ് സാംസ്‌കാരിക മന്ത്രിയും ബി ജെ പി നേതാവുമായ ഉഷാ താക്കൂര്‍. യാഗം നടത്തിയാല്‍ കൊവിഡിന്‍റെ മൂന്നാം തരംഗം രാജ്യത്തെ തൊടില്ലെന്നും എല്ലാവരും നാല് ദിവസം അഗ്നിപൂജ നടത്തണമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം കൊവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കുകയും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അമിതഭാരവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി ശുദ്ധീകരണത്തിനായി, നാല് ദിവസത്തേക്ക് യജ്ഞം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയില്‍ നിന്ന് രക്ഷനേടുന്നതിനായി യജ്ഞ ചികിത്സ നടത്തിയിരുന്നു. നമുക്ക് ഒരുമിച്ച് പരിസ്ഥിതിയെ ശുദ്ധീകരിക്കാം, കൊവിഡിന്‍റെ മൂന്നാം തരംഗം ഇന്ത്യയെ സ്‌പർശിക്കുക പോലുമില്ലെന്നും അവർ പറഞ്ഞു.

ഇന്‍ഡോറില്‍ കൊവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്‌ത ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തിടെ മഹാമാരി നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഇന്‍ഡോറിലെ വിമാനത്താവളത്തിലെ ഒരുപ്രതിമയ്ക്ക് മുന്നില്‍ ഇവര്‍ പൂജകള്‍ നടത്തിയിരുന്നു. കൊവിഡ് കെയര്‍ സെന്‍ററുകളില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിന് മന്ത്രി ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.