pm-care

ഫരീദ്‌കോട്ട്: പകർച്ചാവ്യാധി പ്രതിരോധത്തിനും സഹായത്തിനുമായും സ്ഥാപിച്ച പി.എം കെയേഴ്‌സ് വഴി പഞ്ചാബിൽ വിതരണം ചെയ്‌ത 90 ശതമാനം വെന്റിലേ‌റ്ററുകളും തകരാറിലായതായി പരാതി. കഴിഞ്ഞ വർഷം പി.എം കെയേഴ്‌സ് വഴി വിതരണം ചെയ്‌ത 80 എണ്ണത്തിൽ 71ഉം പ്രവർത്തിച്ച് നിമിഷങ്ങൾക്കകം തകരാർ വന്ന് കേടായെന്നാണ് വിവരം.

ഫരീദ്‌കോട്ടിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കഴിഞ്ഞവർഷം അനുവദിച്ച വെന്റിലേ‌റ്ററുകളാണ് ഭൂരിഭാഗവും കേടായിപ്പോയത്. പി‌എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് അ‌ഗ്‌വ ഹെൽത്ത്‌കെയറാണ് ഇവ ആശുപത്രിയിൽ വിതരണം ചെയ്‌തത്.

യന്ത്രം ആദ്യത്തെ ഒന്ന്‌ രണ്ട് മണിക്കൂറുകൾക്കകം തന്നെ പ്രവർത്തിക്കാതായതായി ഡോക്‌ടർമാർ അറിയിച്ചു. ഉപയോഗത്തിനിടയിൽ തനിയെ ഓഫാകുന്നതിനാൽ ഇവ വിശ്വാസ യോഗ്യമല്ലെന്ന് അനസ്‌തേ‌സിസ്‌റ്റുകളും അറിയിച്ചു.

ഇപ്പോൾ ഇവയല്ലാതെ ആശുപത്രിയിൽ ആകെ 39 വെന്റിലേ‌റ്ററുകളാണുള‌ളത്. ഇവയിൽ 32 എണ്ണം പ്രവർത്തനക്ഷമമാണ്. പ്രതിദിനം 300ലധികം കൊവിഡ് രോഗികൾ വരുന്നതിനാൽ ആശുപത്രിയിൽ വെന്റിലേ‌റ്റർ ക്ഷാമം രൂക്ഷമാണ്.

സംഭവം ശ്രദ്ധയിൽപെട്ടതായും വെന്റിലേ‌റ്ററുകൾ പരിശോധിക്കാനും കുഴപ്പങ്ങൾ പരിഹരിക്കാനും ടെക്‌നീഷ്യന്മാരെയും എഞ്ചിനീയർമാരെയും ഇന്ന് വരുത്തുമെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി വിനി മഹാജൻ അറിയിച്ചു. പഞ്ചാബ് സർക്കാർ ആശുപത്രിയിലേക്ക് പത്ത് വെന്റിലേ‌റ്ററുകൾ നൽകാമെന്നേ‌റ്റു.

250 വെന്റിലേ‌റ്ററുകളാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്‌തത്. ഇവയിൽ ചിലത് ആരോഗ്യ വകുപ്പിന്റെ ഗോഡൗണിൽ കെട്ടിക്കിടക്കുമ്പോൾ മ‌റ്റുചിലത് ഇതുപോലെ കേടാകുകയാണ്. ഒരു വെന്റിലേ‌റ്ററിന് 25 കോടിയ്‌ക്ക് മുകളിലാണ് വില വരിക. വെന്റിലേ‌റ്റർ പ്രവർത്തിപ്പിക്കാൻ വൈദഗ്ദ്ധ്യം നേടിയവരുടെ ക്ഷാമം സംസ്ഥാനത്തുണ്ട്. ആകെ 25 ശതമാനം വെന്റിലേ‌റ്ററുകളേ ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നുള‌ളൂവെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിന്ധു അറിയിച്ചു.