minister

ബംഗളൂരു: ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ. ലോക്ക്‌ഡൗണിനെ തുടർന്ന് തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. 'ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ' എന്നും മന്ത്രി ചോദിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട് കർണാടകയിൽ ഒരാഴ്‌ചക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ. അടച്ചിടലിനെ തുടര്‍ന്ന് റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് 'പോയി മരിക്കാന്‍' പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്‌താ‌വന ഇതിനു മുമ്പ് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി തന്നെ കര്‍ഷകനോട് മാപ്പു പറയുകയായിരുന്നു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 39,510 കേസുകളാണ്. 480പേര്‍ മരിച്ചു. 20,13,193പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 19,852പേര്‍ മരിച്ചു. 14,05,869പേരാണ് രോഗമുക്തരായത്.