ഇസ്രയേലിൽ നിന്ന് കട്ടപ്പന സ്വദേശിനി സൗമ്യ പറയുന്നു
തിരുവനന്തപുരം: 'ജീവിച്ചിരിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം.രാത്രി മുഴുവൻ കാതടപ്പിക്കുന്ന സ്‌ഫോടനശബ്‌ദങ്ങളും ബഹളവും. ചുറ്റിലും എന്തൊക്കെയോ തകർന്നടിയുന്നു. ആകാശത്തിലൂടെ തീഗോളങ്ങൾ പായുന്നു.
എപ്പോഴും അപായത്തിന്റെ സൈറൻ മുഴക്കം 'ഹമാസിന്റെ ആക്രമണം നടക്കുന്ന ഇസ്രയേലിലെ ടെൽ അവീവിൽ കെയർടേക്കറായി ജോലി ചെയ്യുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി സൗമ്യ ജോൺ 'കേരളകൗമുദിയോട്' പറയുന്നു. ഒരു വർഷം മുമ്പാണ് സൗമ്യ ഇവിടെയെത്തിയത്. സൗമ്യയെപ്പോലെ നൂറുകണക്കിന് മലയാളികളാണ് ഇസ്രയേലിൽ മരണഭീതിയിൽ കഴിയുന്നത്. പരസ്‌പരം ആശ്വസിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും മലയാളി നഴ്‌സ് സൗമ്യ സന്തോഷ് കഴിഞ്ഞദിവസം റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സകലരുടെയും ധൈര്യം ചോർന്നു. 'രണ്ടുദിവസം മുമ്പാണ് എല്ലാം മാറിമറിഞ്ഞത്. രാത്രി ഉറങ്ങാൻ തന്നെ പേടിയാണ്. ചീറിപ്പായുന്ന റോക്കറ്റുകൾ എപ്പോൾ വേണമെങ്കിലും പതിക്കാം. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം മലയാളി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ തലയ്‌ക്കകത്ത് മരവിപ്പാണ്. ഇവിടത്തെ മലയാളി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് പുതിയ വിവരങ്ങളൊക്കെ അറിയുന്നത്. കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ ഗ്രൂപ്പിലെ പലർക്കും നന്നായി അറിയാം. അന്യനാട്ടിലൊക്കെ ജീവിക്കുമ്പോഴുണ്ടാകുന്ന ഒരു പാരസ്‌പര്യമുണ്ടല്ലോ. ഇവിടെ ജോലി കിട്ടി എത്തുന്നവരെ സൗമ്യ സന്തോഷ് ഏറെ സഹായിച്ചിട്ടുണ്ട്.- സൗമ്യ ജോൺ പറഞ്ഞു.'ആയിരക്കണക്കിന് ഷെല്ലുകളാണ് ദിവസവും പതിക്കുന്നത്. ഇവിടെ സേഫ്ടി റൂമുകളുണ്ട്. പക്ഷേ, വലിയ ആക്രമണത്തിൽ എത്ര ഫലപ്രദമാണെന്ന് അറിയില്ല. കൊവിഡ് മുക്തമായതിനാൽ ഈയടുത്താണ് ഇസ്രയേലിൽ നിയന്ത്രണങ്ങൾ പിൻവലിച്ചത്. അതിന്റെ സന്തോഷത്തിനിടയിലാണ് ഇതൊക്കെ സംഭവിച്ചത്. വൈഫൈ ലഭ്യമാകില്ലെന്നും ഫോൺ റേഞ്ച് ഇല്ലാതാകുമെന്നുമൊക്കെ കേൾക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്താകും എന്നുമറിയില്ല. വിവരങ്ങളൊക്കെ അറിയാൻ ബന്ധുക്കളൊക്കെ എപ്പോഴും വിളിക്കുന്നുണ്ട്. അവരോട് എന്തുപറയണമെന്നറിയില്ല. ആർക്കും ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. സൗമ്യയുടെ വാക്കുകൾ ഇടറുന്നു.