ലക്നൗ: ബീഹാറിലും യു.പിയിലും നൂറുകണക്കിന് മൃതദേഹങ്ങൾ നദിയിൽ ഒഴുകിനടക്കുന്നത് രാജ്യാന്തര ശ്രദ്ധ നേടിയതിന് പിന്നാലെ മദ്ധ്യപ്രദേശിലും സമാന സംഭവങ്ങൾ അരങ്ങേറി. സംസ്ഥാനത്ത് പന്ന ജില്ലയിലെ റുഞ്ച് നദിയിലാണ് ഒരു ഡസനിലേറെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വ്യാപകമായി പുഴവെള്ളം ഉപയോഗിക്കുന്ന പ്രദേശത്ത് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. നന്ദപുര ഗ്രാമത്തിൽ മാത്രം ആറു മൃതദേഹങ്ങളാണ് പുഴയിൽ ഒഴുകി നടക്കുന്നത്. ചില മൃതദേഹങ്ങൾ ആചാരങ്ങളുടെ ഭാഗമായി പുഴയിലൊഴുക്കിയതാണെന്ന് പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്ര അറിയിച്ചു. ഇവ കണ്ടെടുത്ത് സംസ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് യു.പിയിലും ബീഹാറിലൂടെയും ഒഴുകുന്ന ഗംഗാനദിയിൽ നിന്ന് കണ്ടെത്തിയത്. ബീഹാറിലെ ബക്സറിൽ ഗംഗാനദിയിൽ നിന്ന് 71ഉം ഉത്തർപ്രദേശിലെ ബല്ലിയ, ഗാസിപ്പൂർ ജില്ലകളിൽ നിന്നായി 50ലേറെയും മൃതദേഹങ്ങൾ കണ്ടെത്തി. പലതും 5-6 ദിവസം വരെ പഴക്കമുള്ളതാണ്. അഴുകിത്തുടങ്ങിയതിനാൽ പലരെയും തിരിച്ചറിയാനായിട്ടില്ല. കൊവിഡ് മരണമാണോ എന്നും സ്ഥിരീകരിക്കാനായിട്ടില്ല. ബക്സറിലെത്തിയ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ ഗാസിപ്പൂരിൽ നിന്നുള്ളതാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ജലാശയങ്ങളിൽ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കർശനമാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.