ലണ്ടൻ: ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂ കേംബ്രിഡ്ജ് സ്കൂൾ ട്രാക്കർ. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ ചേർന്നാണ് ട്രാക്കർ വികസിപ്പിച്ചത്. രണ്ടാംതരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് ആശ്വാസമേകുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളുടെ എണ്ണം നാലുലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് കൊവിഡ് കേസുകളുടെ വർദ്ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോൾ അത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തിൽ നേരിയ വ്യത്യാസമുണ്ട്. അസം, ഹിമാചൽ പ്രദേശ്, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ച കൂടി കേസുകളിൽ വർദ്ധനവുണ്ടാകുമെന്നും ഗവേഷകർ പറയുന്നു
രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ വ്യാപനം വർദ്ധിക്കുന്നതിനും ത്വരിതപ്പെടുന്നതിനും നിരവധി ഘടകങ്ങളുളളതായി സമീപകാലത്ത് നടത്തിയ പഠനത്തിൽ ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ വ്യാപനം വർദ്ധിപ്പിച്ചപ്പോൾ ഒത്തുചേരലുകൾ പരസ്പരം ഇടപഴകുന്നതിനും പൊതുജനാരോഗ്യപരിപാലനത്തിൽ വീഴ്ചവരുത്തുന്നതിനും വൈറസ് വ്യാപനം ത്വരിതപ്പെടുത്തുന്നിനും കാരണമായതായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.