തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണക്കാട് സ്വദേശി പുഞ്ചിരി വിനോദിനെ (38) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കരമന, പൂജപ്പുര, ഫോർട്ട്, നേമം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ട സോജുവിന്റെ കൂട്ടാളിയുമായണ് ഇയാൾ. ഗുണ്ടാനിയമപ്രകാരം മൂന്നുപ്രാവശ്യം തടവുശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ശേഷം 2020ൽ പാപ്പനംകോട് സ്വദേശിയെ ആക്രമിച്ച് പണം പിടിച്ചു പറിച്ച കേസിലും എറണാകുളം സ്വദേശിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലും ഫോർട്ടിൽ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി പണവും സ്വർണാഭരണങ്ങളും അപഹരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും മുഖ്യ പ്രതിയാണ് ഇയാൾ. നിലവിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കേസിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്ന് ഡി.സി.പി ഡോ. വൈഭവ് സക്‌സേന നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ ജില്ലാ ജയിലിൽ വച്ച് കരമന എസ്.എച്ച്.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി.