barcelona

മാഡ്രിഡ് : കഴിഞ്ഞ രാത്രി ലെവാന്റെയ്ക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളിന്റെ ആധിപത്യം കൈവെടിഞ്ഞ് ബാഴ്സലോണ സമനിലയിലേക്ക് തളയ്ക്കപ്പെട്ടപ്പോൾ അവരിൽ നിന്ന് അകന്നുപോയത് ലാലിഗ കിരീടം നേടാനുള്ള അവസരം കൂടിയാണെന്ന് പറയാതെവയ്യ. 3-3ന് സമനിലയിൽ പിരിഞ്ഞ ബാഴ്സ സാങ്കേതികമായി പോയിന്റ് പട്ടികയിൽ രണ്ടാം സഥാനത്തേക്ക് ഉയരുകയാണ് ചെയ്തതെങ്കിലും പ്രധാന ശത്രുക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിനും റയൽ മാഡ്രിഡിനും ഒരു കളി അധികമുള്ളതിന്റെ ആനുകൂല്യമാണ് മെസിക്കും സംഘത്തിനും തിരിച്ചടിയാകുന്നത്.

പട്ടികയിലെ കളി

38 മത്സരം വീതമാണ് ഓരോ ടീമിനും ലാ ലിഗയിലുള്ളത്. 35 കളികളിൽനിന്ന് 77 പോയിന്റുമായി അത്‍ലറ്റിക്കോ മാഡ്രിഡാണ് ഇപ്പോൾ ലീഗിൽ ഒന്നാമത്.ലെസ്റ്ററിന് എതിരായ സമനിലയോടെ 36 മത്സരങ്ങളിൽനിന്ന് 76 പോയിന്റുമായി ബാർസ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ 35 കളികളിൽനിന്ന് റയൽ മാഡ്രിഡ് 75 പോയിന്റുമായി തൊട്ടു പിന്നിലുള്ളതാണ് വലിയ വെല്ലുവിളി.

സാദ്ധ്യതകൾ ഇങ്ങനെ

ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാൽ അത്‍ലറ്റിക്കോ മാഡ്രിഡിന് 2013–14 സീസണിനുശേഷം ആദ്യമായി ലീഗ് കിരീടം നേടാം.

റയൽ മൂന്ന് മത്സരങ്ങളും ജയിക്കുകയും അത്‌ലറ്റിക്കോ ഒന്നിലെങ്കിലും തോൽക്കുകയോ സമനിലയിലാവുകയോ ചെയതാൽ നേർക്കുനേർ പോരാട്ടത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ റയൽ ജേതാക്കളാകും.

റയലിനും അത്‌ലറ്റിക്കോയ്ക്കും ഒന്നിലേറെ മത്സരങ്ങളിൽ അടിപതറിയെങ്കിൽ മാത്രമേ 27–ാം ലാ ലിഗ കിരീടം ഉന്നമിടുന്ന ബാർസയുടെ പ്രതീക്ഷകൾ തളിർക്കുകയുള്ളൂ.

കൈവിട്ട ജയം‌

ലെവാന്റെയെ തോൽപ്പിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം എന്ന സ്വപ്നവുമായാണ് മെസിയും കൂട്ടരും കളത്തിലിറങ്ങിയത്. ആദ്യപകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്ന ബാഴ്സ രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് ഗോളുകൾ വഴങ്ങി ജയം കൈവിട്ടു കളഞ്ഞു. 2-2ന് സമനില വഴങ്ങിയ ശേഷം ഒരു ഗോളടിച്ച് വീണ്ടും ലീഡെടുത്തെങ്കിലും ജയിക്കാൻ ബാഴ്സയ്ക്ക് വിധിയുണ്ടായില്ല.

ലയണൽ മെസി (25-ാം മിനിട്ട്), പെഡ്രി (34-ാം മിനിട്ട്) എന്നിവരാണ് ആദ്യപകുതിയിൽ ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ മൂന്നു മിനിട്ടിനിടെ രണ്ടുഗോളുകൾ നേടിയ ലെവാന്റെയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ബാഴ്സ ഉലഞ്ഞുപോയി. ഗോൺസാലോ മെലേറോ (57-ാം മിനിട്ട്), ഹോസെ ലൂയിസ് മൊറാലെസ് (59-ാം മിനിട്ട്) എന്നിവരായിരുന്നു സ്കോറർമാർ.

64–ാം മിനിട്ടിൽ ഒസ്മാനെ ഡെംബെലെയിലൂടെയാണ് ബാഴ്സലോണ വീണ്ടും ലീഡ് നേടിയത്. 83–ാം മിനിട്ടിൽ ഗാർഷ്യ അറാൻഡയിലൂടെ ലെവാന്റെ പിന്നെയും സമനില പിടിച്ചു. 36 മത്സരങ്ങളിൽനിന്ന് 40 പോയിന്റുമായി ലെവാന്റെ 13–ാം സ്ഥാനത്താണ്.

ഇനിയുളള മത്സരങ്ങൾ

ബാഴ്സലോണ

മേയ് 16

Vs സെൽറ്റ വി​ഗോ

മേയ് 23

Vs എയ്ബർ

റയൽ മാഡ്രിഡ്

മേയ് 14

Vs ഗ്രനാഡ

മേയ് 16

Vs അത്‌ലറ്റിക് ക്ളബ്

മേയ് 23

Vs വിയ്യാറയൽ

അത്‌ലറ്റിക്കോ മാഡ്രിഡ്

മേയ് 13

Vs സോസിഡാഡ്

മേയ് 16

Vs ഒസാസുന

മേയ് 23

Vs വയ്യലോയ്ഡ്

ലാ ലിഗ ടോപ് 5

(ക്ളബ്, കളി,ജയം,സമനില , തോൽവി,പോയിന്റ് എന്ന ക്രമത്തിൽ )

അത്‌ലറ്റിക്കോ മാഡ്രിഡ് 35-23-8-4-77

ബാഴ്സലോണ 36-23-7-6-76

റയൽ മാഡ്രിഡ് 35-22-9-4-75

സെവിയ്യ 35-22-5-8-71

റയൽ സോസിഡാഡ് 35-15-11-9-56