gfgfgf

പുൽപ്പള്ളി: അമരക്കുനിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് മൂന്ന് ലിറ്റർ നാടൻ ചാരായവും 90 ലിറ്റർ വാഷും എക്‌സൈസ് സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അമരക്കുനി കളത്തിൽ വിനോദിന്റെ പേരിൽ കേസ്സെടുത്തു. വിനോദ് ഓടി രക്ഷപ്പെട്ടു.

ബോധവൽക്കരണവുമായി വനം വനംവകുപ്പ്

പുൽപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ വനംവകുപ്പും രംഗത്ത്. ചെതലയത്ത്‌ ഫോറസ്റ്റ് റെയിഞ്ചിന് കീഴിലെ പാതിരി, പെരിക്കല്ലൂർ, ഉദയക്കര,ചേകാടി, പാളക്കൊല്ലി, വിലങ്ങാടി, കുണ്ടുവാടി, വെട്ടത്തൂർ എന്നിവിടങ്ങളിലെ കോളനികളിൽ വനംവകുപ്പ് ശക്തമായ ബോധവത്ക്കരണങ്ങൾ നടത്തിവരികയാണ്. വനത്തിനോട്‌ ചേർന്നും വനാന്തർഭാഗത്തുമുള്ള കോളനികളാണ് ഇതിൽ പലതും. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന സന്ദേശമാണ് ഇവർ നൽകുന്നത്. ഗോത്രഭാഷയിൽ മൈക്ക് അനൗൺസ്‌മെന്റും ഈ പ്രദേശത്ത് വനപാലകർ നടത്തുന്നുണ്ട്. കർണാടകയോട്‌ ചേർന്നുള്ള കേരള അതിർത്തിയിലെ കോളനികളിൽ നിന്ന് ആദിവാസികൾ കർണാടകയിലേക്ക് കടക്കാതിരിക്കാൻ പൊലീസിനൊപ്പം പുഴയോരത്ത് വിവിധകേന്ദ്രങ്ങളിൽ വനപാലകരും പരിശോധന നടത്തുന്നുണ്ട്.

കൊളവള്ളി, മരക്കടവ്, പെരിക്കല്ലൂർ ഭാഗങ്ങളിലാണ് ശക്തമായ പരിശോധന.

കോളനികളിൽ ബോധവൽക്കരണം

പുൽപ്പള്ളി: ആദിവാസി കോളനികളിൽ കൊവിഡ്‌ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുൽപ്പള്ളി മേഖലയിലെ കോളനികളിൽ ബോധവത്ക്കരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ്‌ കോളനികളിലെ ഓരോ വീടുകളിലുമെത്തി രോഗത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ ബോധവത്ക്കരണം നടത്തുന്നത്. സാമൂഹിക അകലം, കൈ കഴുകൽ, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമായും പാലിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടുന്നുണ്ട്.

പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ മിക്ക കോളനികളിലും കൊവിഡ്‌ ബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ബോധവത്ക്കരണ പ്രവർത്തനങ്ങൾ. കർണാടകയിൽ നിന്നുള്ള മദ്യം കോളനികളിൽ എത്തുന്നത് തടയാൻ അതിർത്തികളിൽ കാവലും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യവിതരണ സംഘമാണ്‌ കോളനികളിൽ കൊവിഡ് പരത്തുന്നതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തിയിട്ടുണ്ട്.