j

റോം:കൊവിഡിനെതിരായ ആന്റിബോഡികൾ വൈറസ് ബാധിതരുടെ രക്തത്തിൽ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനിൽക്കുമെന്ന്​ ഇറ്റാലിയൻ ഗവേഷകർ. രോഗത്തിന്റെ കാഠിന്യം, രോഗികളുടെ പ്രായം, മറ്റു രോഗലക്ഷണങ്ങൾ എന്നിവയൊന്നും ആന്റിബോഡി നിലനിൽക്കുന്നതിന്​ തടസ്സമായില്ലെന്നും മിലാനിലെ സാൻ റാഫേൽ ആശുപത്രി പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കി.

കൊവിഡ്​ ആരംഭിച്ച സമയത്ത്​ അത്യാഹിത വിഭാഗത്തിൽ എത്തിയ 162 രോഗികളെയാണ്​ ഗവേഷകർ പഠനവിധേയമാക്കിയത്​. ഇവരിൽ നിന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലും നവംബർ അവസാനവും രക്തസാമ്പിളുകൾ എടുത്തു. ഇതിൽ 29 പേർ പിന്നീട്​ മരിച്ചു.

രോഗനിർണയം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം മൂന്ന് രോഗികളിൽ ഒഴികെ ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തി. രോഗം ബാധിച്ച്​ ആദ്യ 15 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്​നങ്ങൾ കൂടുതലാകാൻ സാദ്ധ്യതയുണ്ടെന്നും പഠനം പറയുന്നു.

സർവേയിൽ പങ്കെടുത്ത രോഗികളിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. ഇവരുടെ ശരാശരി പ്രായം 63 ആയിരുന്നു. ഇവരിൽ 57 ശതമാനം പേർക്കും രക്തസമ്മ‌‌ർദ്ദവും, പ്രമേഹവും പോലെയുള്ള രോഗങ്ങൾ നേരത്തെയുണ്ട്​.