കോഴിക്കോട്: കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികളെയും കൊവിഡ് ഇല്ലാത്തവരെയും ഒരേ കെട്ടിടത്തിൽ പാർപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത നൽകിയ മാദ്ധ്യമപ്രവര്‍ത്തകന് എതിരെ കേസ്. ന്യൂസ് ഏജൻസിയായ എ.എന്‍.ഐയിലെ ലേഖകന്‍ എന്‍.പി. സക്കീറിന് എതിരെ കോഴിക്കോട് പേരാമ്പ്ര പൊലീസാണ് കേസ് എടുത്തത്. പഞ്ചായത്തിനും ആരോഗ്യപ്രവർത്തകർക്കുമെതിരേ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചുവെന്ന ചങ്ങരോത്ത് പഞ്ചായത്തിന്റെ പരാതിയിലാണ് നടപടി.
ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൊവിഡ് വ്യാപിച്ചതിനെത്തുടർന്ന് പഞ്ചായത്ത് സ്വീകരിച്ച നടപടികൾ സക്കീർ റിപ്പോർട്ട് ചെയ്തിരുന്നു. ഒരേ വാടക കെട്ടിടത്തിന്റെ മുകൾനിലയിൽ കൊവിഡ് ബാധിച്ചവരെയും താഴത്തെനിലയിൽ മറ്റുള്ളവരെയും താമസിപ്പിച്ചു. ഈ കെട്ടിടത്തിൽനിന്ന് പുറത്തേക്കുള്ള ഗ്രിൽ പൂട്ടിയതുമായി ബന്ധപ്പെട്ടുള്ള വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ് കേസ്.
ഐ.പി.സി 53 പ്രകാരം കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പഞ്ചായത്ത് ഭരണസമിതി മാദ്ധ്യമപ്രവർത്തകനെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. അതേസമയം പഞ്ചായത്ത് കെട്ടിച്ചമച്ച പരാതിയുടെ പേരിലാണ് കേസെടുത്തിട്ടുള്ളതെന്ന് സക്കീർ പ്രതികരിച്ചു. രോഗികളെ പൂട്ടിയിട്ടിരിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തന്റെ റിപ്പോർട്ട് വിവിധ മാദ്ധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് ഡെപ്യൂട്ടി കളക്ടർ നേരിട്ടെത്തി കൊവിഡ് രോഗികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതായും സക്കീർ പറഞ്ഞു.