അഗർത്തല: ത്രിപുരയിലെ താൽക്കാലിക കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 25 രോഗികൾ ചാടിപ്പോടി. പൊലീസ് നടത്തിയ തിരച്ചിലിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴുപേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (പിആർടിഐ) കൊവിഡ് കെയർ സെന്ററിൽ നിന്ന് രോഗികൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
18 രോഗികൾ ട്രെയിനിൽ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. ഏപ്രിൽ 22 ന് അഗർത്തലയിലെ അരുന്ധതിനഗർ പ്രദേശത്തെ ഒരു കൊവിഡ് സെന്ററിൽ നിന്ന് 31 രോഗികൾ ഇത്തരത്തിൽ ഓടിപ്പോയിരുന്നു.