supreme-court

ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കില്ല. മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിക്കേണ്ടിയിരുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളും പരി​ഗണിക്കുന്നത് സുപ്രീംകോട‌തി മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രാർ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചത്.

ചന്ദ്രചൂഡിന്‍റെ സ്റ്റാഫ് അം​ഗങ്ങളിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഓക്‌സിജൻ ലഭ്യതയിലടക്കം കൃത്യമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്ന കോടതിയിൽ കേസ് വൈകുന്നത് പുതിയ പ്രതിസന്ധികൾക്ക് വഴിയൊരുക്കും.