anupam-kher

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന് നടൻ അനുപം ഖേർ. പ്രതിസന്ധി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപം ഖേർ.

കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പലതും കഴമ്പുള്ളതാണ്. കൊവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ച പറ്റി. വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് മോദി സർക്കാർ തിരിച്ചറിയേണ്ട സമയമാണിതെന്നും അനുപം ഖേർ പറഞ്ഞു.

രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നത് ഉൾപ്പടെയുള്ള സംഭവങ്ങൾ മനുഷ്യത്വമുള്ള എല്ലാവരെയും ബാധിക്കും. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇവ മറ്റുപാർട്ടികൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിക്ക വിഷയങ്ങളിലും മോദി സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് അനുപം ഖേർ.