robbery

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം കൊവിഡ് വാക്‌സിനെടുക്കായി പോയപ്പോള്‍ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ഇന്നലെ രാവിലെ വാക്‌സിന്‍ എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്.

വീടിന് അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു. വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി ഓട്ടോറിക്ഷ ഡ്രൈവറായ അരവിന്ദ് കുമാര്‍ പട്‌വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്‍മാര്‍ എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.

സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട്‌വ പറഞ്ഞു. വീട്ടിൽ ആൾക്കാർ ഇല്ലാതിരുന്ന സമയത്ത് വീടിന് പുറത്ത് ഒരാള്‍ ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍ പറഞ്ഞെന്നാണ് പട്‌വ പറയുന്നത്.

കഴിഞ്ഞ പതിനഞ്ച് ദിവസമായി ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്‌സിന്‍ എടുക്കാനായാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.