ലോകം മുഴുവൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാക്‌സിൻ കുത്തിവയ്പുകളും പുരോഗമിക്കുകയാണ്. ആദ്യത്തെ തവണയെടുത്ത അതേ കൊവിഡ് വാക്‌സിൻ തന്നെ രണ്ടാം തവണയും ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
കൊവിഡ് വാക്‌സിൻ മിശ്രിത ഡോസുകൾ ലഭിച്ച ആളുകൾക്ക് പനി, തലവേദന പോലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്ട്. രണ്ട് തരം വാക്‌സിനുകൾ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഒന്നും രണ്ടും ഡോസിനായി അംഗീകൃത കൊവിഡ് 19 വാക്‌സിനുകളുടെ വ്യത്യസ്ത കോമ്പിനേഷനുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഗ്രൂപ്പിന്റെ കോംകോവ് വാക്‌സിൻ ട്രയൽ ആണ് ഗവേഷണം നടത്തിയത്. ഓക്‌സ്‌ഫോർഡ്, അസ്ട്രാസെനെക്ക, ഫൈസർ, ബയോ ടെക് വാക്‌സിനുകൾ വച്ച് 830 സന്നദ്ധപ്രവർത്തകരെയാണ് പരീക്ഷിച്ചത്.
ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ 28 ദിവസത്തെ ഇടവേളയിൽ നൽകി. പഠനസമയത്ത് സന്നദ്ധപ്രവർത്തകർക്ക് ആദ്യ ഡോസായി അസ്ട്രാസെനെക്കയും രണ്ടാമത്തെ ഡോസായി ഫൈസറും നൽകി. 34 ശതമാനം പേർക്ക് പനി അനുഭവപ്പെട്ടു.
അതേസമയം, ആദ്യം ഫൈസർ വാക്‌സിൻ സ്വീകരിച്ച 41 ശതമാനം വോളന്റിയർമാർക്ക് രണ്ടാമത്തേത് അസ്ട്രാസെനെക്ക വാക്‌സിൻ നൽകി. ഇവർക്കും പനി അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. കുത്തിവയ്പിന് ശേഷം 48 മണിക്കൂർ കഴിഞ്ഞാണ് പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മിശ്രിത ഡോസുകളുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ വേണമെന്നാണ് ഗവേഷകർ പറയുന്നത്.