തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 87 രൂപ 42 പൈസയും പെട്രോളിന് 92 രൂപ 44 പൈസയുമാണ് പുതിയ വില.
മേയ് നാലിന് ശേഷം എട്ടാംതവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരുമാസത്തോളം വില കൂടിയിരുന്നില്ല. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്.
അമേരിക്കയിൽ എണ്ണ ആവശ്യകത വർദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നത്. കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.