rape

ഭോപാൽ: സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കൊവിഡ് രോഗിയായ വീട്ടമ്മ നഴ്‌സിന്റെ പീഡനത്തെ തുടർന്ന് മരിച്ചു. മദ്ധ്യപ്രദേശിലെ ഭോപാലിലായിരുന്നു സംഭവം. 43 വയസുകാരിയായ കൊവിഡ് രോഗിയെയാണ് പുരുഷ നഴ്‌സ് പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടർന്ന് 24 മണിക്കൂറിനകം തന്നെ രോഗി മരിച്ചു.

ഭോപാൽ മെമ്മോറിയൽ ആശുപത്രിയിൽ ഏപ്രിൽ ആറിന് നടന്ന ഞെട്ടിക്കുന്ന ഈ സംഭവം എന്നാൽ പൊലീസ് പുറത്തുവിട്ടത് ഇന്നാണ്. ഇവിടെയുള‌ള ഒരു ഡോക്‌ടറുടെ മൊഴിയിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

40 വയസുകാരനായ പുരുഷ നഴ്‌സ് സന്തോഷ് അഹിർവാർ ആണ് പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ 43കാരിയായ വീട്ടമ്മയെ വെന്റിലേ‌റ്ററിൽ പ്രവേശിപ്പിക്കുകയും വൈകാതെ മരണമടയുകയുമായിരുന്നു. സംഭവത്തിൽ നിഷാത്‌പുര പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പ്രതിയെ ഭോപാൽ സെൻട്രൽ ജയിലിലടച്ചു.

പ്രതി മുൻപ് 24കാരിയായ ഒരു നഴ്‌സിനെ ബലാൽസംഗം ചെയ്‌തതായും മദ്യപിച്ച് കുഴപ്പമുണ്ടാക്കിയതിന് ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. 1984ൽ ഭോപാലിനെ ഞെട്ടിച്ച ദുരന്തത്തിന്റെ ഇരയുമാണ് മരിച്ച വീട്ടമ്മ. ദുരന്തത്തിനിരയായവർ കൊവിഡ് മൂലം മരണമടയാൻ ഏഴ് മടങ്ങ് സാദ്ധ്യത കൂടുതലുള‌ളപ്പോഴാണ് ക്രൂരമായ പീഡനവും വീട്ടമ്മയ്‌ക്ക് ഏൽക്കേണ്ടിവന്നത്.

സംഭവത്തെ തുടർന്ന് ആശുപത്രിയിലെ കൊവിഡ് വാർഡിലുൾപ്പടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ആശുപത്രി മാനേജ്‌മെന്റ് തീരുമാനിച്ചു.